'പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും' : വി.ഡി സതീശൻ
|അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്ന് വി.ഡി സതീശൻ
കോഴിക്കോട്: വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്നും വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതമെന്നും വി.ഡി സതീശൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകുമെന്നും രാഹുലിനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രസഹിതം അദ്ദേഹം കുറിച്ചു.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനു പിന്നാലെയാണ് പ്രിയങ്ക തന്റെ കന്നിയങ്കം കുറിക്കാൻ വയനാട്ടിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം അറിയിച്ചത്. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്നും വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഖാർഗെ അറിയിക്കുകയായിരുന്നു. വയനാടും റായ്ബറേലിയും ഒരുപോലെ പ്രിയങ്കരം എന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്.
സ്‌നേഹവും വാത്സല്യവും നൽകിയ വയനാട്ടിലെ ജനങ്ങൾക്ക് നന്ദി എന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. രണ്ട് മണ്ഡലവുമായുള്ള ആത്മബന്ധം നിലനിർത്താൻ തന്നെയാണ് പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഠിനമായ സമയങ്ങളിൽ എനിക്ക് പോരാടാൻ വയനാട്ടിലെ ജനങ്ങൾ ശക്തി പകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അവിടെ പ്രിയങ്ക മത്സരിക്കാൻ പോകുന്നത്. വയനാട്ടിലെ എല്ലാ മനുഷ്യരോടും എനിക്ക് സ്‌നേഹമാണ്. വയനാടുകാർക്ക് ഇനി രണ്ട് എംപിമാർ ലോക്‌സഭയിൽ ഉണ്ടാകും. വയനാടുകാർക്കായി എന്നും ഞാൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.