Kerala
Priyanka Gandhi surpasses Rahul Gandhis majority in Wayanad in 2024, Wayanad by-election 2024, Wayanad by-poll 2024, UDF
Kerala

ഇനി വയനാടിന്റെ പ്രിയങ്കരി; രാഹുലിന്റെ ഭൂരിപക്ഷവും കടന്ന് മുന്നേറ്റം

Web Desk
|
23 Nov 2024 8:05 AM GMT

ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനും പ്രിയങ്കയ്ക്കും തിരിച്ചടിയാകുമെന്നു വിലയിരുത്തലുണ്ടായിരുന്നു

കൽപറ്റ: വയനാടിന്റെ ഹൃദയം കീഴടക്കി കോൺഗ്രസിന്റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി. റെക്കോർഡ് ഭൂരിപക്ഷവുമായി സഹോദരൻ രാഹുൽ ഗാന്ധിയുടെ മിന്നും വിജയവും മറികടന്നു മുന്നേറുകയാണ് ഈ 'വിഐപി സ്ഥാനാർഥി'. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3,82,975 വോട്ടിന്റെ ഭൂരിപക്ഷവുമായി കുതിപ്പ് തുടരുകയാണ് പ്രിയങ്ക.

രാഹുൽ ഗാന്ധി പാർട് ടൈം എംപിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. വിഐപി മണ്ഡലമായി വയനാടിനെ അവഗണിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കാലത്തടക്കം വേണ്ട ശ്രദ്ധയോ ഇടപെടലോ ഉണ്ടായില്ലെന്ന പ്രചാരണവും ഇടതുപക്ഷവും ബിജെപിയും ഉയർത്തി.

ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് ഇതിന്റെയെല്ലാം പ്രതിഫലനമാകുമെന്ന വിലയിരുത്തലുണ്ടായി. യുഡിഎഫിനും പ്രിയങ്കയ്ക്കും തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഇന്ന് വോട്ടെണ്ണി തുടങ്ങിയപ്പോൾ മറ്റൊരു കാഴ്ചയാണു കണ്ടത്. തുടക്കം തൊട്ടേ പ്രിയങ്ക വയനാടൻ മലനിരകൾ പോലെ ഉയർന്നുനിൽക്കുകയായിരുന്നു. ആയിരം പതിനായിരങ്ങളായും ലക്ഷമായും അതിവേഗത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുതിച്ചുയർന്നത്.

2024ൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷവും പിന്നിട്ടിരിക്കുകയാണ് പ്രിയങ്ക. നിലവിൽ അഞ്ചര ലക്ഷം കടന്നു വോട്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 1.84 ലക്ഷം വോട്ടാണ് ഇതുവരെ ലഭിച്ചത്. ഒരു ലക്ഷത്തിലേറെ വോട്ടുമായി എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും മൊകേരിക്കു തൊട്ടുപിറകിലുണ്ട്.

മണ്ഡലം രൂപംകൊണ്ട ശേഷം 2009ൽ നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. കോൺഗ്രസ് പിളർത്തി ഡിഐസി രൂപീകരിക്കുകയും പിന്നീട് എൻസിപിക്കൊപ്പം ചേരുകയും ചെയ്ത സാക്ഷാൽ കെ. മുരളീധരൻ തന്നെയായിരുന്നു പ്രധാന വെല്ലുവിളി. ഇതിനു പുറമെ 'വരത്തൻ' പ്രചാരണങ്ങളും യുഡിഎഫ് സ്ഥാനാർഥി എം.ഐ ഷാനവാസിനെതിരെ ശക്തമായിരുന്നു. എന്നാൽ, 1.53 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ഷാനവാസ് വിജയിച്ചത്. സിപിഐ സ്ഥാനാർഥിയായിരുന്ന റഹ്മത്തുല്ലയ്ക്ക് 2.57 ലക്ഷം വോട്ട് ലഭിച്ചപ്പോൾ മുരളി 99,663 വോട്ടും സ്വന്തമാക്കിയിരുന്നു. എന്നിട്ടും യുഡിഎഫ് മികച്ച വിജയം നേടി.

2014ൽ സിപിഐയുടെ സത്യൻ മൊകേരി ഷാനവാസിനു വലിയ വെല്ലുവിളി ഉയർത്തി. ഇഞ്ചോടിഞ്ചു മത്സരത്തിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറച്ചു. 1.50ൽനിന്ന് 20,870ലേക്കാണു മൊകേരി യുഡിഎഫ് ഭൂരിപക്ഷം കുറച്ചത്. 2019ൽ രാഹുൽ ഗാന്ധി സർപ്രൈസ് 'അതിഥി'യായി എത്തിയതോടെ പുതിയ ചരിത്രവും കുറിക്കപ്പെട്ടു. 4.31 ലക്ഷം എന്ന സംസ്ഥാനത്തെ തന്നെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ കുറിച്ചത്. 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും രാഹുൽ 'ലക്ഷം വിജയം' ആവർത്തിച്ചു. 2019നെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 3.64 ലക്ഷത്തിനായിരുന്നു ഇത്തവണ വിജയം.

റായ്ബറേലിയിൽ കൂടി മത്സരിച്ചു രാഹുൽ മികച്ച വിജയം നേടിയതോടെ വയനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതേതുടർന്നാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയതും പ്രിയങ്ക യുഡിഎഫ് സ്ഥാനാർഥിയായി എത്തിയതും.

Summary: Priyanka Gandhi surpasses Rahul Gandhi's majority in Wayanad in 2024

Similar Posts