‘ഒരായിരം നന്ദി’; പാർലമെൻറിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് പ്രിയങ്ക
|‘ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്’
ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് അവർ സാമൂഹിക മാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിെൻറ പൂർണരൂപം:
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി. ❤️❤️
ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.
എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി…
നന്ദി, എല്ലായ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്.