'വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും കെ.സി രാമചന്ദ്രന് കുറ്റബോധമില്ല'; ടി.പി വധക്കേസ് പ്രതിയെ കുറിച്ച് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്
|ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
കൊച്ചി: ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും എട്ടാം പ്രതിയും മുൻ സിപിഎം നേതാവുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്. കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൊലനടക്കുമ്പോൾ വീട്ടിലായിരുന്നുവെന്ന മൊഴിയിൽ രാമചന്ദ്രൻ ഉറച്ചു നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഈ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഈ റിപ്പോർട്ടുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉത്തരവിനെ സ്വാധീനിച്ചേക്കാവുന്നതാണ് ഓഫീസറുടെ റിപ്പോർട്ട്.
അതേസമയം, ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ശിക്ഷ സംബന്ധിച്ച പ്രതികളുടെ വാദം ഇന്നലെ ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ പ്രതികളെ വീണ്ടും ഹൈക്കോടതിയിൽ ഹാജരാക്കും. നിലവിൽ കാക്കനാട് സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിട്ടുള്ളത്. ശിക്ഷയിൽ വാദം പൂർത്തിയായാൽ കേസിൽ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസ് പരിഗണിക്കുന്നത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയിൽ അപ്പീലുകൾ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറയുക.
കേസിൽ പ്രതി ചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതികളുടെ വാദം. സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആർ.എം.പിക്കു രൂപംനൽകിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനുശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കേസിൽ കൊടി സുനി, കിർമാണി മനോജ്, സി,പി,എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയിൽശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു. സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.