Kerala
ഉമ്മൻചാണ്ടിയെ ഒറ്റപ്പെടുത്തി നേതാക്കൾ; കോൺഗ്രസിൽ എ ഗ്രൂപ്പിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു
Kerala

ഉമ്മൻചാണ്ടിയെ ഒറ്റപ്പെടുത്തി നേതാക്കൾ; കോൺഗ്രസിൽ എ ഗ്രൂപ്പിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു

Web Desk
|
28 Dec 2022 1:33 AM GMT

പ്രമുഖ നേതാക്കളിൽ പലരും വി.ഡി സതീശൻ വിഭാഗത്തിനൊപ്പം ചേർന്നതാണ് ഭിന്നതയ്ക്ക് കാരണം

കോട്ടയം: കോൺഗ്രസിൽ എ ഗ്രൂപ്പിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. ഉമ്മൻചാണ്ടിയെ ഒറ്റയ്ക്കാക്കി പ്രമുഖ നേതാക്കളിൽ പലരും വി.ഡി സതീശൻ വിഭാഗത്തിനൊപ്പം ചേർന്നതാണ് ഭിന്നതയ്ക്ക് കാരണം. ഇതോടെ ഉമ്മൻചാണ്ടി അനുകൂലികൾ ശക്തമായ എതിർപ്പാണ് നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്. കെ.പി.സി.സിയിലെ നേതൃമാറ്റത്തോടെയാണ് എ ഗ്രൂപ്പിലെ വിഭാഗീയതയ്ക്ക് തുടക്കമിട്ടത്.

ഉമ്മൻ ചാണ്ടിയുടെ ശക്തി കുറഞ്ഞെന്ന് മനസിലായ ചില പ്രമുഖ നേതാക്കൾ ഇതോടെ കളം മാറ്റി ചവിട്ടി. ഉമ്മൻചാണ്ടി ചികിത്സയിലേക്ക് പോയതോടെ ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരെ വെട്ടി നിരത്താനും ചില നേതാക്കൾ തയ്യാറായി. കോട്ടയം ജില്ലയിൽ തന്നെയാണ് ഈ നീക്കം ശക്തമായി നടന്നത്. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രംഗത്ത് വന്നത്. ശശിതരൂരിന് പിന്തുണ നല്കാൻ ഇവർ മുന്നോട്ട് വന്നതോടെ വിഭാഗീയത രൂക്ഷമായി. കോട്ടയത്ത് നടന്ന തരൂരിന്റെ പരിപാടിക്ക് ചുക്കാൻ പിടിച്ചതും ഉമ്മൻചാണ്ടി വിഭാഗക്കാർ. തിരുവഞ്ചൂർ കെ.സി ജോസഫ് അടക്കമുള്ള നേതാക്കളും ഉമ്മൻചാണ്ടി പാളയത്തിൽ നിന്നും അകന്ന് നിൽക്കുകയാണ്.

ഇന്നലെ കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായ കയ്യാങ്കളിയും ഇതിന്റെ ബാക്കി പത്രമാണ്. ലോക് സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രശ്‌നം രൂക്ഷമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Similar Posts