ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാനിടയായ സാഹചര്യം പാര്‍ട്ടി അന്വേഷിക്കണമെന്ന് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍
|ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാനിടയായ സാഹചര്യം പാര്‍ട്ടി അന്വേഷിക്കണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം ലീഗില്‍ സമ്മര്‍ദ്ധം ശക്തമാക്കി. കെ.ടി ജലീലിന് വിവരങ്ങള്‍ നല്‍കുന്നത് കെഎം ഷാജിക്കൊപ്പമുള്ളവരാണെന്ന ആക്ഷേപം കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നവര്‍ക്കുണ്ട്.
എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് ഹൈദരലി തങ്ങളെ ചോദ്യം ചെയ്ത വിവരം ശനിയാഴ്ച നടന്ന ലീഗ് നേത്യയോഗത്തില്‍ ചര്‍ച്ചയാക്കിയത് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആയുധമായാണ് വിഷയം ഉയര്‍ത്തിയതെങ്കിലും ലീഗിന്‍റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന കെ.ടി ജലീല്‍ അതേറ്റുപിടിച്ചു. മുസ്ലീംലീഗ് എന്ന പാര്‍ട്ടിക്കപ്പുറം കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി പ്രതിരോധത്തിലാക്കുകയായിരുന്നു കെ.ടി ജലീലിന്‍റെയും ലക്ഷ്യം.
കാര്യങ്ങൾ വിശദീകരിക്കാൻ വാര്‍ത്താസമ്മേളനം വിളിച്ച മുഇനലി തങ്ങള്‍ വിരല്‍ചൂണ്ടിയത് കുഞ്ഞാലിക്കുട്ടിക്കെതിരെയാണ്. ലീഗിനകത്തുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ചാണ് കെ.ടി ജലീല്‍ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ലീഗ് നേത്യത്വത്തിലെ ഒരു വിഭാഗം കരുതുന്നത്. സംശയമുന കെഎം ഷാജി മുതല്‍ കെഎസ് ഹംസ വരെയുള്ള നേതാക്കളിലേക്ക് നീട്ടുന്നുമുണ്ട്. ആരോപണങ്ങള്‍ തള്ളുന്ന മറുപക്ഷം ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്യാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ്.