ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാര്‍ക്ക് മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ്; വാഹന രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു
|രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്
ഗതാഗത നിയമം ലംഘിച്ച വ്ലോഗർമാരായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ഇരിട്ടി ജോയിന്റ് ആർ.ടി.ഒ മുമ്പാകെ ഹാജരായി കാരണം കാണിക്കണം. വിശദീകരണം തൃപതികരമല്ലെങ്കിൽ മോട്ടോർവാഹനവകുപ്പ് തുടര്‍നടപടികളിലേക്ക് നീങ്ങും.
ഇതിനിടെ കണ്ണൂർ ആർ.ടി ഓഫീസ് അക്രമ കേസിൽ വ്ലോഗർമാറിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.ഐയ്ക്ക് മുന്നിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു മൊഴിയെടുപ്പ്.
ഒമ്പത് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇതിനു പുറമെ ഗതാഗത നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നിരവധി പരാതികള്‍ ഉയർന്നിരുന്നു. പിന്നാലെയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളിലേക്ക് മോട്ടോർവാഹന വകുപ്പ് കടന്നത്.