Kerala
നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്
Kerala

നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്

Web Desk
|
27 Sep 2022 11:21 AM GMT

തന്റെ തെറ്റ് ശ്രീനാഥ് ഭാസി അം​ഗീകരിച്ചെന്നും അതിനാൽ ഒരു മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേർപ്പെടുത്തിയതെന്നും സംഘടന വ്യക്തമാക്കി.

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. സിനിമയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിര്‍ത്തും.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടി.

ഇരു ഭാഗത്തിന്റേയും വിശദീകരണം കേട്ട ശേഷമാണ് നടപടിയെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ തെറ്റ് ശ്രീനാഥ് ഭാസി അം​ഗീകരിച്ചെന്നും അതിനാൽ ഒരു മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേർപ്പെടുത്തിയതെന്നും സംഘടന വ്യക്തമാക്കി.

ഇനിയൊരിക്കലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവതാരകയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അനുഭാവപൂര്‍വമായ സമീപനമാണ് വിശദീകരണം തേടലുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍ നിന്നുണ്ടായത്. നന്നാകാനുള്ള അവസരം കൊടുക്കലാണിത്.

സിനിമയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ മാതൃകയാക്കേണ്ട ആളുകള്‍ ഇത്തരം പെരുമാറ്റം ഉണ്ടാവുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കുക എന്നത് നിര്‍മാതാക്കളുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ഷൂട്ടിങ് ബാക്കിയുള്ളവ തീര്‍ക്കുകയും ചെയ്ത ശേഷം ശ്രീനാഥ് ഭാസിയെ വച്ച് കുറച്ചുകാലത്തേക്ക് പുതിയ സിനിമകള്‍ ഒന്ന് ചെയ്യേണ്ട എന്നാണ് തീരുമാനം. അതെത്ര നാളത്തേക്ക് വേണം എന്നത് ഞങ്ങള്‍ തീരുമാനിക്കും.

കരാറില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു സിനിമയ്ക്ക് അദ്ദേഹം കൂടുതല്‍ പണം വാങ്ങിയെന്ന പരാതി ലഭിച്ചിരുന്നു. ആ പണം തിരികെ നല്‍കാമെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി. മലയാള സിനിമയില്‍ ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണ്. അത്തരമൊരു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെന്നും നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കൊച്ചിയിലെ ഓഫീസില്‍ നടൻ ഹാജരായത്.ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.

മരട് പൊലീസിനൊപ്പം തന്നെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് നടനോട് ഹാജരാവാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

Similar Posts