Kerala
TJ Joseph hand-chopping case,asamannoor sawad, savad
Kerala

കൈവെട്ടിയ കേസ്: മുഖ്യപ്രതി സവാദിനെ തിരിച്ചറിയാൻ പ്രൊഫ.ടിജെ ജോസഫ് എത്തി

Web Desk
|
18 Jan 2024 10:25 AM GMT

കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്

കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ തിരിച്ചറിയൽ പരേഡ് നടക്കുന്നു. അധ്യാപകനായ ടി.ജെ ജോസഫ്, മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്. എറണാകുളം സബ് ജയിലിലാണ് മുഖ്യ പ്രതി അശമന്നൂർ സവാദിൻ്റെ തിരിച്ചറിയൽ പരേഡ് നടക്കുന്നത്.

എൻഐഎ സംഘം കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയിൽ തിരിച്ചറിയിൽ പരേഡിനുള്ള അപേക്ഷ നൽകിയിരുന്നു. അനുമതി നൽകിയ കോടതി നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു മജിസ്‌ട്രേറ്റിനെയും ചുമതലപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് പുരോഗമിക്കുന്നത്.

കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്. കണ്ണൂരിൽ നിന്നാണ് ഇയാൾ എൻഐഎ സംഘത്തിന്റെ പിടിയിലായത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന അന്നുതന്നെ ഒളിവിൽ പോയ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

Similar Posts