പ്രൊഫ.ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
|2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ പിടികൂടിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാന് കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വാനിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അധ്യാപകന്റെ വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിയെറിഞ്ഞു.
54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. സംഭവം നടന്ന അന്നുതന്നെ ഒളിവിൽ പോയ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം മാർച്ചിൽ സവാദിനെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയായിരുന്നു എൻഐഎ. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും സവാദിനെ കണ്ടെത്താനായില്ല.
ഒടുവിൽ ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം. പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രഫ.ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് മറ്റൊരു ഭാവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.