കൊല്ലത്ത് പരാജയപ്പെട്ടെങ്കിലും കൊട്ടാരക്കര വഴിയെത്തിയ ധനമന്ത്രിസ്ഥാനം
|കൊല്ലത്തിന്‍റെ സമര മുഖങ്ങളിൽ മുഴക്കിയ മുദ്രാവാക്യങ്ങളും ചീന്തിയ ചോര തുള്ളികളും തന്നെയാണ് ബാലഗോപാലെന്ന കമ്മ്യൂണിസ്റ്റിനെ പുതിയ ചുമതലയ്ക്ക് അർഹനാക്കിയത്
നിയുക്ത ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഭൂരിഭാഗവും കൊല്ലം കേന്ദ്രീകരിച്ചായിരുന്നു. 2019-ലെ ലോക്‍സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് പരാജയത്തിന്‍റെ കയ്പ്പ് അറിഞ്ഞെങ്കിലും ബാലഗോപാലിനെ കാത്തിരുന്നത് കൊട്ടാരക്കര വഴിയുള്ള ധനമന്ത്രി പദമായിരുന്നു. കൊല്ലത്തിന്‍റെ സമര മുഖങ്ങളിൽ മുഴക്കിയ മുദ്രാവാക്യങ്ങളും ചീന്തിയ ചോര തുള്ളികളും തന്നെയാണ് ബാലഗോപാലെന്ന കമ്മ്യൂണിസ്റ്റിനെ പുതിയ ചുമതലയ്ക്ക് അർഹനാക്കിയത്.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ സ്വദേശിയാണെങ്കിലും കെ എൻ ബാലഗോപാലിന്‍റെ രാഷ്ട്രീയ തട്ടകമെന്നും കൊല്ലമായിരുന്നു. പുനലൂർ എസ് എൻ കോളേജിലെ ചെയർമാനിൽ നിന്ന് എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയും ദേശീയ നേതൃത്വത്തിൽ എത്തിയ ബാലഗോപാൽ തിരിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടു ഉറപ്പിച്ചപ്പോഴും ഇടത്താവളം മാറ്റിയില്ല 1998 ൽ സി പി എം സംസ്ഥാന സമിതിയിലേയ്ക്കും 2018 ൽ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും ബാലഗോപാലിനെ തെരഞ്ഞെടുത്തിന് കാരണം ഇവിടുത്തെ പ്രവർത്തനങ്ങളായിരുന്നു .
കെ എൻ ബാലഗോപാൽ എന്ന സംഘാടകനെ പരുവപ്പെടുത്തിയതിലും ഈ ഡി സി ഓഫീസ് നിർണ്ണായക ഘടകമായി. 2015 ൽ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയായ കെ എൻ ബാലഗോപാൽ പിന്നെയും കരുത്ത് കാട്ടി. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ 11 സീറ്റിലും ഇടത് വിജയം ഉറപ്പാക്കി കൊണ്ടായിരുന്നത്. മന്ത്രി പദം പ്രഖ്യാപിച്ച ശേഷം ആദ്യം എത്തിയതും ഡി സിയുടെ തിരുമുറ്റത്തേയ്ക്ക് തന്നെ. സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ധനമന്ത്രിയായി തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ കൊല്ലത്തെ രാഷ്ട്രീയ അനുഭവങ്ങളും നേത്യ പാഠവങ്ങളും ബാലഗോപാലിന് മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല