മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുകാരെ ചേർത്തുപിടിക്കാൻ 'ഹൃദയപൂർവം'
|ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം പരിശോധിച്ച് കൗണ്‍സിലിങ് നൽകി പ്രശ്ന പരിഹാരം കാണുകയാണ് പരിപാടിയുടെ ലക്ഷ്യം
കൊച്ചി: മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുദ്യോഗസ്ഥരെ ചേർത്തുപിടിക്കാൻ 'ഹൃദയപൂർവം' പരിപാടിയുമായി പൊലീസ് അസോസിയേഷൻ. ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾക്ക് കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. കേരളാ പോലീസ് അസോസിയേഷൻ , ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നോതൃത്വത്തിൽ എറണാകുളം റൂറൽ ജില്ലാക്കമ്മിറ്റിയാണ് "ഹൃദയപൂർവം' പരിപാടി സംഘടിപ്പിച്ചത്.
പൊതുജനങ്ങളുടെ സേവനത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറക്കുന്നതിന്റ ഭാഗമായാണ് 'ഹൃദയപൂർവം' പരിപാടിക്ക് പൊലീസ് അസോസിയേഷൻ തുടക്കമിട്ടത്. കേരളാ പൊലീസ് അസോസിയേഷന്റെയും ഓഫീസ് അസോസിയേഷന്റെയും എറണാകുളം റൂറൽ ജില്ലാ കമ്മിറ്റിയാണ് സംഘാടകർ.
ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം പരിശോധിച്ച് കൗണ്‍സിലിങ് നൽകി പ്രശ്ന പരിഹാരം കാണുകയാണ് ഹൃദയപൂർവം പരിപാടിയുടെലക്ഷ്യം. ആലുവയിൽ നടന്ന പരിപാടി റൂറൽ എസ്പി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെതരണം ചെയ്യാൻ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാകണമെന്ന് എസ്.പി പറഞ്ഞു. സിനിമാ താരം ടിനി ടോം പരിപാടിയിൽ മുഖ്യാതിഥിയായി.
മാനസിക സമ്മർദം അനുഭവിക്കുന്ന ഉദ്യോഗസ്ഥർക്ക് ഘട്ടം ഘട്ടമായി കൗണ്‍സിലിങ് നൽകാനും 'ഹൃദയപൂർവം' പരിപാടി ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കാനാണ് അസോസിയേഷനുകളുടെ തീരുമാനം.