Kerala
ഇന്ന് മുതല്‍ 4 വരെ ജാഥകള്‍ക്കും ഘോഷയാത്രകള്‍ക്കും വിലക്ക്
Kerala

ഇന്ന് മുതല്‍ 4 വരെ ജാഥകള്‍ക്കും ഘോഷയാത്രകള്‍ക്കും വിലക്ക്

Web Desk
|
1 May 2021 6:15 AM GMT

ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ യോഗങ്ങളോ കൂടിച്ചേരലുകളോ ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി.

സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്തുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ വിധി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇത്തരം കൂടിച്ചേരലുകളോ ആഘോഷമോ ഉണ്ടാകരുതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏപ്രില്‍ 27 ലെയും സംസ്ഥാന സര്‍ക്കാരിന്‍റെ ഏപ്രില്‍ 26ലെ ഉത്തരവ് പ്രകാരവുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും രാഷ്ട്രീയ കക്ഷികളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിര്‍ദേശം പാലിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരവും ദുരന്ത നിവാരണ ആക്ട് പ്രകാരവും മറ്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിധി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.

Similar Posts