കെ.എസ്.ഇ.ബിയിലെ പ്രൊമോഷന് നിയന്ത്രണം പിന്‍വലിച്ചേക്കും
|ഓഫീസര്‍ തല പ്രൊമോഷനുകള്‍ ഉള്‍പ്പെടെ മന്ത്രി ഇടപെട്ട് തടഞ്ഞത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യോഗം വിളിച്ചത്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രൊമോഷന് നിയന്ത്രണം നീക്കിയേക്കുമെന്ന് സൂചന. ഈ മാസം 12ന് അടിയന്തര ബോര്‍ഡ് യോഗം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിളിച്ചു. ഓഫീസര്‍തല പ്രൊമോഷനുകള്‍ ഉള്‍പ്പെടെ മന്ത്രി ഇടപെട്ട് തടഞ്ഞത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യോഗം വിളിച്ചത്.
1050 ജീവനക്കാരുടെ നിയമനത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഇതുവരെ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രൊമോഷനുകള്‍ മരവിപ്പിച്ചതെന്നായിരുന്നു വിശദീകരണം. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് പ്രൊമോഷന് നല്‍കേണ്ടത്. മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും വര്‍ക്കേഴ്സ് അസോസിയേഷനും പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെ വൈദ്യുതി മന്ത്രിക്ക് കത്ത് നല്കി. ഗ്രേഡ് പ്രൊമോഷനായതിനാല് വലിയ ശമ്പള വര്‍ധനവുണ്ടാകില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്മാര്‍ട്ട് മീറ്ററും കമ്പ്യൂട്ടറൈസേഷനും വ്യാപകമാക്കുന്നതിനാല്‍ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന പഠന റിപ്പോര്‍ട്ട് അടക്കം ബോര്‍ഡിന്റെ മുന്നിലുണ്ട്.