പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്
|സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന്‍റെ നിരീക്ഷണം
ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഡൽഹിയിലും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംഘർഷം സൃഷ്ടിച്ചവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ ആണ് ഉത്തർപ്രദേശ് പൊലീസിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്തെ ആറ് നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് പൊലീസ് പറയുന്നത്. സഹാരൺപൂരിൽ മാത്രം 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യ വ്യാപകമായി കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായെക്കും.
റാഞ്ചിയിൽ സംഘർഷം നടന്ന പ്രദേശത്ത് കർഫ്യു ചുമത്തിയ ജില്ലാ ഭരണകൂടം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളും ഭാഗികമായി നിർത്തി വെച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങൾക്കും ഇവിടെ തീവെയ്പ്പ് നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ സംഘർഷം ഉണ്ടായ 9 സംസ്ഥാനങ്ങളിലും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു വിഭാഗം വിശ്വാസികളുടെ ആരാധനാ സമയം കണക്കാക്കി ആരാധനാലയങ്ങൾക്ക് സമീപം സുരക്ഷാ ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന് അകത്തും പുറത്തും നൂപുർ ശർമയ്ക്ക് എതിരായ പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ ഇവരെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് പൊലീസ് തയ്യാറാകുന്നില്ല എന്ന് വിശ്വാസികൾ ചോദിക്കുന്നു.