പ്രവാചക നിന്ദ; ബംഗാളിൽ രാഷ്ട്രീയ പോര്, പൊളിച്ച് നീക്കല്‍ തുടർന്ന് യോഗി
|പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ച് നീക്കുന്നത് ഉത്തർപ്രദേശ് സർക്കാർ തുടരുകയാണ്
വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്: പ്രവാചക നിന്ദയ്ക്കേതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ബംഗാളിൽ രാഷ്ട്രീയ പോര്. കർഫ്യു ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുഗന്ധ മജുംദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളായവരുടെ വീടുകൾ പൊളിച്ച് നീക്കുന്നത് ഉത്തർപ്രദേശ് സർക്കാർ തുടരുകയാണ്.
വെള്ളിയാഴ്ച പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടന്നതിന് പിന്നാലെ കനത്ത പോലീസ് കാവലിലാണ് ഹൗറ. എന്നാൽ പിന്നീടും സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രമ സമാധാന നില തകർന്നെന്ന് ആരോപിക്കുന്ന പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തീരുമാനം. ഹൗറ സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ സുഗന്ധ മജുംദാറിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്നാണ് മമത ബാനർജിയുടെ ആരോപണം. ഹൗറ പോലീസ് കമ്മീഷണറായി പ്രവീൺ ത്രിപാഠിയെ മുഖ്യമന്ത്രി മമത ബാനർജി നിയമിച്ചു. ഹൗറ റൂറൽ എസ്പിയെയും സ്ഥലം മാറ്റിയിട്ടുണ്ട്.
പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളില്‍ കൂടുതൽ അറസ്റ്റുകളിലേക്കാണ് ഉത്തർപ്രദേശ് സർക്കാർ നീങ്ങുന്നത്. അറസ്റ്റുകൾ ഇന്നുമുണ്ടായേക്കും. കാൺപൂരിലും സഹാരൺ പൂരിലും അനധികൃത കയ്യേറ്റം ആരോപിച്ച് കേസിൽ പ്രതികളായവരുടെ കെട്ടിടങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഇന്നലെ പൊളിച്ച് നീക്കിയിരുന്നു. പ്രയാഗ് രാജ് ഉൾപ്പടെയുള്ള മറ്റിടങ്ങളിലും കയ്യേറ്റങ്ങൾ പൊളിച്ച് നീക്കുമെന്ന് യുപി സർക്കാർ അറിയിച്ചിട്ടുണ്ട്.