പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തുന്നത് വിലക്കാൻ ശിപാർശ
|കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സാഹചര്യത്തിലാണ് ശിപാർശ
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തുന്നത് വിലക്കണമെന്ന ശിപാർശയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. പൊലീസ് ആസ്ഥാനത്താണ് ശിപാർശ നൽകിയത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സാഹചര്യത്തിലാണ് ശിപാർശ.
ക്ഷേത്രത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ശിപാർശ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ജൂലൈ 28ന് രാത്രി 7 മണിയോടു കൂടി സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ കടന്നു പോയിരുന്നു. ഇത് സുരക്ഷാ വീഴ്ചയെന്ന് ക്ഷേത്രസമിതി ആരോപണമുന്നയിക്കുകയും ചെയ്തു. രാത്രി അഞ്ച് തവണയാണ് വിമാനം ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് പറന്നതെന്നാണ് പൊലീസ് വിശദീകരണം.
വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയെങ്കിലും ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തുന്നത് വിലക്കണമെന്ന ആവശ്യവുമായി ക്ഷേത്രഭാരവാഹികൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ആസ്ഥാനത്തിന് സിറ്റി പൊലീസ് ശിപാർശ നൽകിയത്. നിലവിൽ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നതിന് വിലക്കുണ്ട്. ഇതിന് പുറമെയാണ് ഹെലികോപ്റ്റർ പറത്തുന്നതിനും വിലക്കേർപ്പെടുത്താൻ ഉദ്ദേശം. സൈന്യത്തിൽ നിന്ന് വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇത്തരം പരിശീലനപ്പറക്കൽ നടത്താറുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.