Kerala
Razaq Paleri
Kerala

'മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം സംഘപരിവാറിന്റെ മുസ്‌ലിം വംശഹത്യാ പദ്ധതി': റസാഖ് പാലേരി

Web Desk
|
13 Oct 2024 4:20 PM GMT

'ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് ബാലാവകാശ കമ്മീഷൻ നടത്തിയിരിക്കുന്നത്'

തിരുവനന്തപുരം: മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കാനും മദ്രസകൾ അടച്ചുപൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം സംഘപരിവാറിന്റെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 'മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിനു എതിരായാണ് പ്രവർത്തിക്കുന്നതെന്നും മദ്രസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്നുമുള്ള കമ്മീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമോ യുക്തിസഹമോ അല്ല.'- അ​ദ്ദേഹം പറഞ്ഞു.

'മുസ്‌ലിം സമൂഹത്തിന്റെ ആരാധനാലയങ്ങളും വസ്ത്ര- ഭക്ഷണ സംസ്കാരവും വഖഫ് സ്വത്തുക്കൾ ഉൾപ്പെടെയുള്ള ആസ്തികളും മതപരമായ അസ്തിത്വവും ഉന്നംവെച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് മദ്രസകളെ ഉന്നംവെച്ചു കൊണ്ടുള്ള പുതിയ നീക്കങ്ങളും. സംഘ്പരിവാറിന്റെ കാർമികത്വത്തിലുള്ള ഇത്തരം എല്ലാ നീക്കങ്ങളും അസത്യപ്രചാരണങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. കേരളം പോലെയുള്ള നിരവധി സംസ്ഥാനങ്ങളിൽ മദ്രസകൾക്ക് പ്രത്യേകമായ എന്തെങ്കിലും ധനസഹായം ലഭിക്കുന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മറിച്ചുള്ള പ്രചാരണങ്ങളാണ് കേരളത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.'- റസാഖ് പാലേരി കൂട്ടിച്ചേർത്തു.

'ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് ബാലാവകാശ കമ്മീഷൻ നടത്തിയിരിക്കുന്നത്. ഹിറ്റ്‌ലറിന്റെ നാസി ജർമനിയെ ഓർമിപ്പിക്കും വിധമുള്ള ഇത്തരം വംശീയ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. ബാലാവകാശ കമ്മീഷൻ കത്ത് പിൻവലിക്കുകയും നിലപാട് തിരുത്തുകയും വേണ'മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts