മാസം ഒന്നരക്കോടിയുടെ നഷ്ടം; പരസ്യം നീക്കാനുള്ള നിർദേശം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും
|വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്
തിരുവനന്തപുരം: ബസുകളിൽ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്.വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന.
വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്.കെ.എസ്.ആർ.ടി.സി,കെ.യു.ആർ.ടി.സി ബസുകളിലെ പരസ്യങ്ങൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു കോടതി നിരീക്ഷണം.
പരസ്യം നീക്കണമെന്ന നിർദേശം നടപ്പിലായാൽ സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയാകും. ടിക്കറ്റിതര വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് ബസിലൊട്ടിക്കുന്ന പരസ്യത്തിൽ നിന്നാണ്. ഇതിന് വേണ്ടി എസ്റ്റേറ്റ് എന്ന പേരിൽ ഒരു വിഭാഗം തന്നെ കോർപറേഷനിലുണ്ട്. ഒരു ബസിന് 10,500 രൂപയാണ് പരസ്യത്തിനായി ഈടാക്കുന്നത്. അങ്ങനെ മാസം ഒന്നരക്കോടി വരെ ലഭിക്കാറുണ്ട്. പരസ്യ ഇനത്തിൽ മുൻകൂറായി വാങ്ങിയ പണവും തിരിച്ചു കൊടുക്കേണ്ടിവരും. അങ്ങനെ ആറു മാസം വരെ കരാറായി വാങ്ങിയ തുക തിരിച്ചു നൽകുന്നതും ബാധ്യതയാകും.