Kerala
മദ്രസകൾ നിർത്തലാക്കണമെന്നുള്ള നിർദേശങ്ങൾ ആസൂത്രിത സംഘ്പരിവാർ പദ്ധതി; ജമാഅത്തെ ഇസ്‌ലാമി
Kerala

മദ്രസകൾ നിർത്തലാക്കണമെന്നുള്ള നിർദേശങ്ങൾ ആസൂത്രിത സംഘ്പരിവാർ പദ്ധതി; ജമാഅത്തെ ഇസ്‌ലാമി

Web Desk
|
13 Oct 2024 10:26 AM GMT

''മദ്രസകൾ മതപരമായ അറിവുകൾ പകർന്ന് നൽകുന്ന കേന്ദ്രങ്ങളാണ്. എല്ലാ മതവിശ്വാസികൾക്കും അവരുടെ മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നു''

കോഴിക്കോട്: ഇന്ത്യയിലെ മദ്രസകൾക്ക് സഹായങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്നും മദ്രസകൾ അടച്ചുപൂട്ടണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം സംഘപരിവാറിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബ്റഹ്‌മാൻ.

മദ്രസകൾക്കെതിരെ ഹിന്ദുത്വ ശക്തികൾ കാലങ്ങളായി നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാരുകൾ നിർത്തലാക്കണമെന്നുംമദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നുമുള്ള നിർദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുളളത്.

മദ്രസകൾ മതപരമായ അറിവുകൾ പകർന്ന് നൽകുന്ന കേന്ദ്രങ്ങളാണ്. എല്ലാ മതവിശ്വാസികൾക്കും അവരുടെ മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നു. അവയെ നിർത്തലാക്കാനുള്ള നീക്കം മൗലികാവകാശങ്ങൾക്കെതിരെയുള്ള നീക്കമാണ്. ഇതിനെതിരെ പൗര സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അമീർ ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂൻഗോ ‘മീഡിയവണി’നോട് പറഞ്ഞു.

'മദ്രസകൾ പൂട്ടണമെന്ന റിപ്പോർട്ട് തയാറാക്കിയത് ഒമ്പത് വർഷത്തെ പഠനത്തിന് ശേഷമാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുകയും നിരവധി കൂടിയാലോചനകൾ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നൽകുന്ന ധനസഹായം നിർത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻതന്നെ സ്കൂളുകളിലേക്ക് മാറണം. കേരളം മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും'- കനൂൻഗോ പറഞ്ഞു.



Similar Posts