നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍
|നടിയുടെ ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ. നടിയുടെ ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല. ഫോറന്‍സിക് ലാബില്‍ നിന്നും ഈ വിവരം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ് വിചാരണ നടത്തിയതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ദിലീപിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി. പൾസർ സുനിക്ക് ദിലീപ് പണം നൽകിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കൂടുതൽ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. ഫോറൻസിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും ഇതുവരെ ലഭിച്ച ഡാറ്റകളില്‍ 25 ശതമാനത്തിന്‍റെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. രേഖകളുടെ പരിശോധനയുടെ ഭാഗമായി സാക്ഷികളുടെ മൊഴി എടുക്കാനുമുണ്ട്.
വിചാരണക്കോടതിയിലുളള മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നത് എങ്ങനെ എന്ന് കണ്ടെത്തുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം നിഷേധിച്ചതിനെതിരെയും തുടര്‍നടപടി ആലോചിക്കുന്നുണ്ടെന്നും അതിനായി സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു. ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പർ ഒന്നിന് സുനിക്ക് കൈമാറിയതിന്‍റെ തെളിവ് ലഭിച്ചന്ന് ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന് മൂന്നു മാസം സമയം വേണമെന്നുമാണ് ആവശ്യം.