പാലക്കാട് ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധം; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽ.ഡി.എഫ്
|പ്രതിഷേധത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ലോറി തിരിച്ചയച്ചു.
പാലക്കാട്: മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം. ലോറിയിലെത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍.ഡി.എഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് പ്രതിഷേധം. തുടർന്ന് അരിവിതരണം നിർത്തി.
മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ബി.ജെ.പി ഇന്ന് രാവിലെ ഭാരത് അരി വിതരണം ചെയ്യാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ലോറി തിരിച്ചയച്ചത്.
എന്നാൽ അരി വിതരണത്തിനായി തങ്ങൾ ചട്ടം ലംഘിച്ച് സ്ഥാനാർഥിയുടേയോ പ്രധാനമന്ത്രിയുടേയോ ചിത്രങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ബി.ജെ.പി പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് ജില്ലയിൽ ഭാരത് അരിയുടെ വിതരണത്തിൽ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിരുന്നു.