തൃശൂർ അരിമ്പുർ പഞ്ചായത്തിൽ കുപ്പിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം
|പൗരസമിതി സമരം പ്രഖ്യാപിച്ചതോടെ എല്‍.ഡി.എഫ് ഭരണ സമിതി തല്‍ക്കാലത്തേക്ക് കമ്പനിയുടെ ലൈസന്‍സ് മരവിപ്പിച്ചു.
തൃശൂർ അരിമ്പൂർ പഞ്ചായത്തിൽ കുപ്പി വെള്ള പ്ലാന്‍റിനെതിരെ പൗര സമിതി പ്രതിഷേധം. ആലപ്പാട്ട് മിനറൽസ് എന്ന കമ്പനി പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊണ്ട് പോകുന്നതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോപണം. പൗര സമിതി സമരം പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് ഭരണ സമിതി തല്‍ക്കാലത്തേക്ക് കമ്പനിയുടെ ലൈസൻസ് മരവിപ്പിച്ചു.
അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി എന്ന പ്രദേശത്താണ് കുപ്പി വെള്ള പ്ലാന്‍റ് നിർമിച്ചിരിക്കുന്നത്. വലിയ കുളം നിർമ്മിച്ചു വെള്ളമൂറ്റുന്നതോടെ പഞ്ചായത്ത് മുഴുവൻ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നാണ് സമര സമിതി പറയുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതി ആലപ്പാട് മിനറൽസ് കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്നും പിന്നിൽ സാമ്പത്തിക താത്പര്യമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
നാട്ടുകാർ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ പഞ്ചായത്ത് പ്ലാന്‍റിന് ഒരാഴ്‌ച മുൻപ് നൽകിയ ലൈസൻസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.