സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു
|രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്, ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു
തിരുവനന്തപുരം: സോണിയാ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഡൽഹി ശിവാജി ഗർ റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. രാജ്യത്തെ കേന്ദ്ര ഏജൻസികൾ, പ്രത്യേകിച്ച് ഇ.ഡി എല്ലാം ആർ.എസ്.എസ്സിന്റെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്. ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ സെൻട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുന്നിലും മുകളിലും കയറിനിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധത്തെത്തുടർന്ന് രാജധാനി എക്സ്പ്രസും സ്റ്റേഷനിൽ പിടിച്ചിട്ടു. പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംഭവസ്ഥലത്തെത്തി. റെയിൽവേ ട്രാക്കിൽ കിടന്നുകൊണ്ടും നേതാക്കൾ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും ഇ.ഡി നടപടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. 12 മണിക്കാണ് സോണിയാ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരായത്. രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും പുറമെ കോൺഗ്രസ് നേതാക്കളും സോണിയാഗാന്ധിയെ അനുഗമിച്ചു. എന്നാൽ സോണിയയെ അനുഗമിച്ച കോൺഗ്രസ് എംപിമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ എഐസിസി ആസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരിൽ ഒരു വനിതയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
ചരിത്രത്തിൽ ആദ്യമായാണ് ഒരന്വേഷണസംഘം ഒരു കോൺഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എഐസിസി ആസ്ഥാനത്തു നിന്നും പുറപ്പെട്ടതുമുതൽ പ്രവർത്തകരുടെ വലിയ പ്രതിഷേധം തന്നെയായിരുന്നു അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലും എ.ഐ.സി.സി പരിസരത്തും കനത്ത സുരക്ഷ ഏർപെടുത്തിയിരുന്നു. അകത്തേക്ക് പ്രവേശിച്ച പ്രവർത്തകരെ ഒരു കാരണവശാലും പ്രതിഷേധത്തിനായി പുറത്തേക്ക് അയക്കേണ്ട എന്ന തീരുമാനമായിരുന്നു ഡൽഹി പൊലീസ് സ്വീകരിച്ചത്.
അതേസമയം സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ മോദി സർക്കാർ വേട്ടയാടുന്നു എന്ന സംയുക്ത പ്രസ്താവനയിറക്കി. കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെടുകയും ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നീട്ടി നൽകുകയുമായിരുന്നു.