Kerala
പ്രവാചക നിന്ദ: പ്രതിഷേധകരെ വേട്ടയാടുന്ന ഹിന്ദുത്വ ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധിക്കുക- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
Kerala

പ്രവാചക നിന്ദ: പ്രതിഷേധകരെ വേട്ടയാടുന്ന ഹിന്ദുത്വ ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധിക്കുക- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

ijas
|
11 Jun 2022 2:48 PM GMT

രാജ്യവ്യാപകമായി പ്രതിഷേധക്കാർക്കു നേരെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടും വ്യാപകമായ അറസ്റ്റുകൾ നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സംഘ് പരിവാർ ഭരണകൂടങ്ങൾ

തിരുവനന്തപുരം: പ്രവാചകനെ നിന്ദിച്ച നുപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു തെരുവിലിറങ്ങിയ മുസ്‍ലിം സമുദായത്തെ വെടിവെച്ചു കൊന്നും ജയിലിലടച്ചും വേട്ടയാടുന്ന ഹിന്ദുത്വ സർക്കാറിനെതിരെ ബഹുജന മുന്നേറ്റങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ നുപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഗോളതലത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടക്കുകയുണ്ടായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം സമുദായത്തിന്‍റെ നേതൃത്വത്തിൽ സമാനമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. എന്നാൽ ഝാർഖണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധിച്ച രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. റാഞ്ചിയിലെ വെടിവെപ്പിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കാനും ഝാർഖണ്ഡ് സർക്കാർ സന്നദ്ധമാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി പ്രതിഷേധക്കാർക്കു നേരെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടും വ്യാപകമായ അറസ്റ്റുകൾ നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സംഘ് പരിവാർ ഭരണകൂടങ്ങൾ. ഉത്തർ പ്രദേശിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ മാതാപിതാക്കളും സഹോദരിയുമുൾപ്പെടെ നൂറിലധികം പേരെ അർധ രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ അഫ്രീൻ ഫാത്തിമയുടെ പിതാവും വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ജാവേദ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് രേഖപെടുത്തിയിരിക്കുകയാണ്. അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്ത മുഴുവൻ ആളുകളെയും വിട്ടയക്കണം. പ്രവാചകനെ നിന്ദിച്ച നുപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യുന്നതിനും പ്രതിഷേധങ്ങൾക്കെതിരായ ഹിന്ദുത്വ ഭരണകൂട ഏജൻസികളുടെ പ്രതികാരനടപടികൾ അവസാനിപ്പിക്കുന്നതിനും ബഹുജന മുന്നേറ്റങ്ങൾക്ക് ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts