പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം; ഓഫീസിലേക്ക് ചീഞ്ഞ മീൻ ഏറിഞ്ഞു
|മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിൽ കലക്ടറോട് റിപ്പോർട്ട് തേടിയെന്നും പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ വൻ പ്രതിഷേധം. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ ഓഫീസിലേക്ക് ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും മത്സ്യക്കർഷകർക്കൊപ്പം പ്രതിഷേധിക്കാനെത്തിയിരുന്നു. ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാവാം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം ഫാക്ടറികളിൽനിന്നുള്ള രാസമാലിന്യങ്ങളാണ് ദുരന്തത്തിന് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്.
സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സബ് കലക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.