രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം തുടരും
|യു.ഡി.എഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് 11 മുതൽ 15 വരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം തുടരും. ഇന്ന് എറണാകുളം, പാലക്കാട് ജില്ലകളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതിന് പുറമെ രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കാനും യൂത്ത് കോൺഗ്രസ് തീരുമാനമുണ്ട്.
ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. യു.ഡി.എഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് 11 മുതൽ 15 വരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് യു.ഡി.വൈ.എഫ് യോഗം ചേർന്ന് തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യും.
ഇന്നലെ കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകയ്ക്കുനേരെ നടന്ന പൊലീസ് അതിക്രമം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരാണനെതിരെയാണ് പൊലീസ് അതിക്രമം. വസ്ത്രം വലിച്ചുകീറുകയും മുടിയിൽ ബൂട്ടിട്ടു ചവിട്ടുകയും ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്.
Summary: The protest against the arrest of Youth Congress Kerala state president Rahul Mamkootathil will continue today