Kerala
മേയർക്കെതിരെയുള്ള പ്രതിഷേധം; ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ
Kerala

മേയർക്കെതിരെയുള്ള പ്രതിഷേധം; ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ

Web Desk
|
16 Dec 2022 10:09 AM GMT

പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ കൂക്കിവിളിച്ചു. പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്. എന്നാൽ, പ്രതിഷേധിച്ച യുഡിഎഫ് കൗൺസിലർമാരും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ തർക്കമുണ്ടായി. പരസ്പരം വാദപ്രതിവാദങ്ങളുമായി കൗൺസിലർമാർ എത്തിയതോടെ പൊലീസ് നിയന്ത്രിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.

കോർപ്പറേഷനിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ വേണ്ടി പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. ഇത് സ്വജനപക്ഷപാദം ആണെന്നായിരുന്നു മുൻ കൗൺസിലറായ ജി.എസ് ശ്രീകുമാറിന്റെ വാദം. നിരവധി നിയമനങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ സി.ബി.ഐ വേണമെന്നും ആയിരുന്നു ഹർജിയിലെ ആവശ്യം.

കത്ത് താൻ എഴുതിയതല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹരജിക്കാരന്റെ പക്കലില്ലെന്നും അതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ടാണ് ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താൻ എഴുതിയതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ.

Related Tags :
Similar Posts