മുസ്ലിം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കാൻ ഉത്തരവ്; വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസിനെതിരെ വ്യാപക പ്രതിഷേധം
|മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തുകൾക്ക് സർക്കുലറയച്ചത്
വയനാട്: വയനാട്ടിൽ മുസ്ലിം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കാൻ നിർദേശിച്ചു കൊണ്ടുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം. വയനാട് മീനങ്ങാടിയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസാണ് വിവാദ ഉത്തരവിറക്കിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കുലർ മരവിപ്പിച്ചു.
ജില്ലയിലെ മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ ശിശു സംരക്ഷണ ഓഫിസർ പഞ്ചായത്തുകൾക്ക് സർക്കുലറയച്ചത്. ആഗസ്റ്റ് 20നു മുമ്പായി ഇ-മെയിൽ വഴി വിവരങ്ങൾ അറിയിക്കണമെന്നാണ് സർക്കുലർ. ഒരു പ്രത്യേക മത വിഭാഗത്തിലെ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ശേഖരിക്കുന്നതിലെ ദുരൂഹത ചൂണ്ടികാട്ടി മുസ്ലിം യൂത്ത് ലീഗ് രംഗത്തുവന്നു.
സംസ്ഥാന ബാലാവകാശ കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ പഞ്ചായത്തുകൾക്ക് സർക്കുലർ അയച്ചതെന്നാണ് ശിശു സംരക്ഷണ സമിതിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതോടെ സർക്കുലർ മരവിപ്പിച്ചു. സർക്കുലറുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഉണ്ടാവില്ല എന്ന ഉറപ്പ് ലംഘിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.