കോഴിക്കോട് ആവിക്കൽതോടിൽ മാലിന്യപ്ലാന്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം
|വഴിതടഞ്ഞ നാട്ടുകാരെ പൊലീസ് അടിച്ചോടിച്ചു. സംഘർഷത്തിൽ മീഡിയവൺ ക്യാമറപേഴ്‌സൺ സനോജ് കുമാർ ബേപ്പൂരിനും പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോടിൽ മലിന ജലപ്ലാന്റിനെതിരായ സമരത്തിൽ വൻ സംഘർഷം. പ്രതിഷേധകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി തവണ കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാര്‍ സമീപത്തെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഘർഷത്തിൽ മീഡിയവൺ ക്യാമറപേഴ്‌സൺ സനോജ് കുമാർ ബേപ്പൂരിനും പരിക്കേറ്റു.
മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം
ആവിക്കൽ തോട്ടിലെ മലിന ജല സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തുനിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം. എന്നാൽ എതിർപ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോർപറേഷൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും തീരുമാനം.