Kerala
എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷം: പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ
Kerala

എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷം: പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ

Web Desk
|
15 Aug 2023 1:36 PM GMT

സങ്കുചിത താല്പര്യങ്ങൾ മാറ്റിവെച്ച് സഭയോട് ചേർന്ന് നിൽക്കണമെന്നും വാർത്താക്കുറിപ്പിൽ സിറോ മലബാർ സഭ അറിയിച്ചു.

കൊച്ചി: എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എത്തിയപ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ. വിമതവിഭാഗം സഭാപരമായ അച്ചടക്കങ്ങളുടെ സകല അതിർവരമ്പുകളും ലംഘിച്ചു. വത്തിക്കാന്റെ പ്രതിനിധി വേണമെന്ന് ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നത് അപലപനീയമെന്നും സഭ പ്രതികരിച്ചു.

വിമതവിഭാഗത്തിന്റെ നടപടി നീതീകരിക്കാൻ ആകാത്തതും ക്രൈസ്തവ വിരുദ്ധവുമാണ്. ക്ഷമാപണം നടത്തി പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണം. സങ്കുചിത താല്പര്യങ്ങൾ മാറ്റിവെച്ച് സഭയോട് ചേർന്ന് നിൽക്കണമെന്നും വാർത്താക്കുറിപ്പിൽ സിറോ മലബാർ സഭ അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കിയിരുന്നു.

കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ ആണ് സംഭവം. ആർച്ച് ബിഷപ്പ് എത്തിയ വിവരമറിഞ്ഞ് സെന്റ് മേരിസ് ബസലിക്കയിൽ പ്രതിഷേധക്കാരായ വിശ്വാസികൾആർച്ച് ബിഷപ്പിനെ തടഞ്ഞ പ്രതിഷേധക്കാർ അദ്ദേഹത്തിന് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു.

പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്. ഏകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ആർച്ച് ബിഷപ്പ് എത്തിയാൽ കനത്ത പ്രതിഷേധമുണ്ടാകുമെന്ന് പല അൽമായ സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാർത്ഥന നടത്താനെത്തിയത്.

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. ജനുവരി മുതൽ അടഞ്ഞുകിടന്നിരുന്ന സെന്റ് മേരീസ് ബസിലിക്കയിലേക്ക് ബിഷപ് എത്തിയതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

Similar Posts