നവകേരള വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം; മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം
|നടപടി മാധ്യമ-തൊഴിൽ സ്വാതന്ത്ര്യത്തിന് എതിരാണെന്നും കേസ് പിൻവലിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ
കൊച്ചി: നവകേരള സദസ്സ് വാഹനത്തിനുനേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുത്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊച്ചി 24 ന്യൂസ് ചാനൽ റിപ്പോർട്ടർ വി.ജി. വിനീതക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കേസിൽ അഞ്ചാം പ്രതിയാണ് വിനീത. നടപടി തികച്ചും അപലപനീയമാണെന്നും ഇത്തരം നടപടികൾ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ മാത്രമല്ല തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഇക്കാര്യത്തിൽ സർക്കാർ നീതി പാലിക്കണമെന്നും കേസ് പിൻവലിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.
ഈ മാസം പത്താം തീയതി നവകേരള യാത്രയുടെ ഭാഗമായി പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ് യു പ്രവർത്തകർ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. സംഭവം നടക്കുന്ന സമയം വിനീത സ്ഥലത്തുണ്ടായിരുന്നു, ഷൂ എറിയുന്ന ദൃശ്യങ്ങൾ 24ലെ ക്യാമറാമാന് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തേ കേസിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസെടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ അടക്കമുള്ളവർക്കെതിരെയായിരുന്നു നടപടി.