'വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തത്, നേതൃത്വത്തിന്റെ അറിവോടെയല്ല നടന്നത്'; അവരെ തള്ളിപ്പറയുന്നില്ലെന്ന് കെ സുധാകരൻ
|'വാ തുറന്നാൽ വിടുവായിത്തരം മാത്രം പറയുന്ന ഇ.പി ജയരാജനെതിരെ കേസെടുക്കണം'
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിമാനത്തിവുണ്ടായ ആക്രമണത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാകരൻ പറഞ്ഞു. അത്തരത്തിലൊരു പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. എന്നാൽ അവരെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വാ തുറന്നാൽ വിടുവായിത്തരം മാത്രം പറയുന്ന ഇ.പി ജയരാജനെതിരെ കേസെടുക്കണം. എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങൾക്കെന്താ പൊളിക്കാൻ കഴിയില്ലേ.. ഞങ്ങൾ അതിനെ പ്രോത്സാപ്പിക്കില്ല. അക്രമം തടയാൻ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. അക്രമങ്ങൾക്ക് അവർക്ക് തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ്. കെ റെയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നു. കെ-റെയിലിൽ പുറകോട്ട് പോയത് പോലെ അക്രമരാഷ്ട്രീയത്തിൽ നിന്നും മുഖ്യമന്ത്രിക്ക് പുറകോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സിപിഎമ്മിന്റെ വളർത്ത് ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറുന്നത്. കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അടിക്കാൻ സമയം കൊടുക്കുയാണ്. നിയമ വ്യവസ്ഥ മറികടന്ന് പൊലീസ് പ്രവർത്തിച്ചാൽ പൊലീസിനെ തള്ളിപ്പറയേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.