ചികിത്സാ പിഴവ് മൂലം കുട്ടികളുടെ മരണം: കോഴിക്കോട്ടും പത്തനംതിട്ടയിലും ആശുപത്രികൾക്കെതിരെ പ്രതിഷേധം
|അഞ്ചര വയസുകാരൻ മരിച്ച സംഭവത്തിൽ പത്തനംതിട്ട റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കെതിരെ പ്രതിഷേധം
കോഴിക്കോട്/പത്തനംതിട്ട: കുട്ടികളുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കോഴിക്കോട്ടും പത്തനംതിട്ടയിലും ആശുപത്രികൾക്കെതിരെ പ്രതിഷേധം. വടകര സി.എം.ആശുപത്രിക്കും റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കുമെതിരെയാണ് പ്രതിഷേധം. പനി ബാധിച്ച് ചികിത്സക്കിടെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്നാണ് ആക്ഷേപം. വടകര വെള്ളികുളങ്ങര ആരിഫ് നാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹൈദിൻ സലാഹ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
വടകര സി.എം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഗുരുതരാവസ്ഥയിലായ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപെടുകയായിരുന്നു. മരണത്തിൽ കുട്ടിയുടെ ബന്ധുക്കൾ ആക്ഷേപമുന്നയിച്ചതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടത്തിയാണ് സംസ്‌കരിച്ചത്. കുട്ടിക്ക് ഇഞ്ചക്ഷൻ നൽകി മതിയായ ചികിത്സ നൽകാതെ വൈകിപ്പിച്ച് മരണപെട്ടതിന് ശേഷമാണ് പാർക്കോ ഇഖ്‌റയിലേക്ക് മാറ്റിയതെന്നും കുട്ടിയെ അനുഗമിച്ചെത്തിയ ഡോക്ടർമാർ ചികിത്സ രേഖകൾ കൈമാറിയില്ലെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. ചികിത്സ രേഖകളിൽ തിരുത്തലുകൾ വരുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി എം ഹോസ്പിറ്റലിലേക്ക് ജനകീയ മാർച്ചും നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
ചികിത്സയിലിരിക്കെ അഞ്ചര വയസുകാരൻ ആരോൺ വി. വർഗ്ഗീസ് മരിച്ച സംഭവത്തിൽ പത്തനംതിട്ട റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ആരോൺ പഠിച്ച പ്ലാങ്കമൺ എൽപി സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് അഞ്ചര വയസുകാരൻ മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.
യു.കെ. ജി വിദ്യാർഥിയായ ആരോണിന്റെ മരണത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ബാരിക്കേഡ് മറികടന്ന് മാർത്തോമ്മ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. ബാരിക്കേഡിന് അടിയിൽപ്പെട്ട് റാന്നി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബോസ്സ് പി.ബി. ക്ക് പരിക്കേറ്റു. ആരോൺ പഠിച്ച പ്ലാങ്കമൺ എൽ.പി സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സ്‌കൂളിൽ വീണു കൈക്ക് പരിക്കേറ്റ ആരോണിനെ വ്യാഴാഴ്ച വൈകീട്ടാണ് മാർത്തോമ്മ ആശുപത്രിയിൽ എത്തിക്കുന്നത്. ഓപ്പേറേഷൻ തീയേറ്ററിൽ കയറ്റി ചികിത്സിക്കുന്നതിനിടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നോക്കാതെ അനസ്‌തേഷ്യ നൽകിയതാണ് മരണകാരണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. രണ്ട് മാസം മുൻപ് ആരോണിന് ന്യുമോണിയ ബാധിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് റാന്നി പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.