Kerala
arif mohammed khan
Kerala

ഗവർണർക്കെതിരായ പ്രതിഷേധം; റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

Web Desk
|
27 Jan 2024 12:47 PM GMT

ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്

ഗവർണർക്കെതിരായ പ്രതിഷേധത്തിലും തുടർ സംഭവങ്ങളിലും റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. കൊല്ലം നിലമേലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര നടപടി.

കൊല്ലം നിലമേലിൽ എസ്എഫ്ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെ പൊലീസിനെ ശകാരിച്ച ഗവർണർ എം സി റോഡിന്റെ അരികിൽ രണ്ടു മണിക്കൂറാണ് പ്രതിഷേധിച്ചത്. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി കൂലിക്ക് ആളെ ഇറക്കിയെന്ന് ഗവർണർ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. 10.40 ഓടെ നിലമേലെത്തിയപ്പോൾ 60ഓളം എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായെത്തി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാർക്ക് നടുവിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.

മുഖ്യമന്ത്രിക്ക് നേരെയും ഇത് പോലെ പ്രതിഷേധത്തിന് അവസരമൊരുക്കുമോയെന്ന ചോദിച്ച് അദ്ദേഹം പൊലീസിനെ ശകാരിച്ചു. പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്യാതെ വാഹനത്തിൽ കയറില്ലെന്ന് നിലപാടെടുത്ത ഗവർണർ സമീപത്തെ ചായക്കടയിൽനിന്നെടുത്ത കസേരയിൽ റോഡരികിലിരുന്നു. ഇതിനിടെ ആഭ്യന്തരമന്ത്രി അമിതാഷായുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതി പറയുകയും ചെയ്തു.

തുടർന്ന്, കേന്ദ്ര സർക്കാർ ഇടപെട്ട് ഗവർണർക്ക് Z പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി. 30 പേരടങ്ങുന്ന ആദ്യ സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു.

Similar Posts