മദ്യ നിരോധനം നീക്കുന്നതിനെതിരെ ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം; മിനിക്കോയ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് സർവകക്ഷി മാർച്ച്
|വരും ദിവസങ്ങളിലും പ്രതിഷേധം കനക്കും
മിനിക്കോയ്: ലക്ഷ്വദീപിൽ നടപ്പാക്കുന്ന മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മിനിക്കോയി ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ പുതിയ അബ്കാരി നിയമം നടപ്പാക്കി മദ്യം ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ജനകീയ പ്രതിഷേധം ഉയരുന്നത്.
ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ കരടുബില്ലിൽ പൊതുജനാഭിപ്രായം തേടി ആഗസ്റ്റ് മൂന്നിന് എ.ഡി.എം വിജ്ഞാപനംപുറപ്പെടുവിപ്പിച്ചിരുന്നു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം . വിജ്ഞാപനം വന്നതോടെ ദ്വീപു നിവാസികൾ ശക്തമായ പ്രതിഷേധം ആരംഭിച്ചു. ഇന്ന് മിനിക്കോയി ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സ്ത്രീകടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോൺഗ്രസ്, എൻ സി പി തുടങ്ങിയ വിവിധ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു ജനകീയ പ്രതിഷേധം.
ഇതിനകം വിവിധ പാർട്ടികളും മത സംഘടനകളും ഒറ്റക്കും കൂട്ടമായും ദ്വീപുകളിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു . വരും ദിവസങ്ങളിൽ അഗത്തി ദ്വീപിലുൾപ്പെടെ സർവകക്ഷി പ്രതിഷേധങ്ങളും മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സമര പരിപാടികളും നടക്കും . ലക്ഷദ്വീപിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം വികസന പദ്ധതികളുടെ മുന്നോടിയായാണ് കേന്ദ്ര സർക്കാർ ദ്വീപിൽ മദ്യവിൽപ്പനയും മദ്യ ഉപഭോഗവും നിയമവിധേയമാക്കാൻ നീക്കം നടത്തുന്നത്.