'വയനാട്ടിൽ മത്സരിക്കുന്നതിൽ അഭിമാനം': കത്തുമായി പ്രിയങ്ക ഗാന്ധി
|വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രിയങ്ക
വയനാട്: വയനാട് ലോക്സഭാമണ്ഡലത്തിൽ നിന്നും മത്സരിക്കാനായതിൽ സന്തോഷം പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനങ്ങളെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങൾക്കായി അയച്ച കത്തിൽ പറഞ്ഞു. വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രിയങ്ക കത്തിൽ പറയുന്നുണ്ട്. ദുരന്തമുണ്ടായ ചൂരൽ മലയിലെയും മുണ്ടക്കൈയ്യിലെയും ജനങ്ങൾ അനുഭവിച്ച വേദന താൻ നേരിൽ കണ്ടിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും വയനാടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. കർഷകരും ആദിവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ രാഹുൽ വിവരിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. വയനാട്ടുകാർ തന്റെ സഹോദരന് സ്നേഹം നൽകി. ഭാവി ശോഭനമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ പറയുന്നു.
രാഹുൽ ഗാന്ധി ഒഴിഞ്ഞതിനു പിന്നാലെയാണ് വയനാട്ടിൽ പ്രിയങ്ക മത്സരത്തിനിറങ്ങുന്നത്. ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ ആദ്യ ചുവടാണ്. നാമനിർദേശ പത്രിക സമർപ്പിച്ച പ്രിയങ്ക മണ്ഡലത്തിൽ വലിയ പ്രചാരണറാലിയിലും പങ്കെടുത്തിരുന്നു. ജനസാഗരമാണ് റാലിയിൽ പ്രിയങ്കയെ അനുഗമിച്ചത്.
പാർലമെന്ററി രംഗത്ത് രാഹുൽ ഗാന്ധിയും സംഘടനാ രംഗത്ത് പ്രിയങ്ക ഗാന്ധിയുമെന്ന ധാരണയെ പഴങ്കഥയാക്കിയാണ് പ്രിയങ്ക അങ്കത്തട്ടിൽ ഇറങ്ങുന്നത്. ലോക്സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാൻ വിവിധ പിസിസികൾ മത്സരിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയാകാൻ വയനാട് തന്നെ തെരഞ്ഞെടുത്തിരുക്കുന്നത്.