കൂടിയ വിലയ്ക്ക് മരുന്നും വാക്‌സിനും നൽകുന്നു; മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
|ഡോക്ടർമാർ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വെറ്റ്‌സ്‌ക്യാൻ എന്ന പേരിലാണ് 56 മൃഗാശുപത്രികളിൽ പരിശോധന നടത്തുന്നത്. ഡോക്ടർമാർ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്.
എറണാകുളം ജില്ലയിൽ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് വീതവും മറ്റുജില്ലകളിൽ മൂന്നുവീതവും മൃഗാശുപത്രികളിലാണ് പരിശോധന നടക്കുന്നത്. ചില ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഉപഭോക്താക്കൾക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ചില ഡോക്ടർമാർ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും പരാതിയുണ്ട്. മറ്റുചിലർ സർക്കാർ നൽകുന്ന മരുന്നുകൾ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് പണം ഈടാക്കി വിൽക്കുന്നതായും റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ വെറ്റ്‌സ്‌കാൻ എന്ന പേരിൽ സംസ്ഥാനത്തെ 56 മൃഗാശുപത്രികളിൽ നടത്തിവരുന്നത്.