പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
|റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു
ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പെടെയുള്ള നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ സമ്മേളനത്തിനെത്തിച്ച പി.എഫ്.ഐ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ , മരട് ഡിവിഷൻ സെക്രട്ടറി നഹാസ് എന്നിവരും അറസ്റ്റിലായി. ഇവരെ നാളെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും.
അതേ സമയം ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കുട്ടിയും പിതാവും നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.