പാര്‍ട്ടിക്കെതിരേ പരസ്യ പ്രസ്താവന; കെപിസിസി സെക്രട്ടറിയും സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തു
|നെടുമങ്ങാട്ടെ തോൽവിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരിൽ ചിലരെ ഡി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് പി.എസ് പ്രശാന്ത് ആരോപിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി.എസ്. പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിക്കെതിരായി അടിസ്ഥാനരഹിതമായ പരസ്യപ്രസ്താവന നടത്തിയതിനാണ് ആറ് മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അഡ്വ. മോഹൻകുമാറിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമങ്ങാട്ടെ തോൽവിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരിൽ ചിലരെ ഡി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് പി.എസ് പ്രശാന്ത് ആരോപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി മേഖലാ തലത്തിൽ അഞ്ച് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ആ സമിതികളുടെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് ഡി.സി.സി പ്രസിഡൻറുമാരെയും കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ല. പദവികളിൽ ഇരുന്ന്‌കൊണ്ട് വ്യക്തിഹത്യ ചെയ്യുവാനും ഗൂഢാലോചന നടത്തുവാനും ശ്രമിച്ച നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ എങ്ങിനെയാണ് ഒരു പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്നും പി.എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. കെപിസിസി സമിതിക്ക് മുന്നിൽ സ്ഥാനാർഥികൾ ഉന്നയിച്ച പരാതികൾ ഗൗരവമായി കാണുന്നില്ലെന്നും മുതിർന്ന നേതാക്കൾക്കു പെരുന്തച്ചൻ മനോഭാവമാണെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.