കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു
|സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലാണ് പാര്‍ട്ടി. അതിന് നേതൃത്വം നല്‍കുന്നവരെയാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. രാജ്യത്ത് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ് കോണ്‍ഗ്രസ് അല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ബാധിച്ച സംഘടനാ രോഗങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പെരുമാറുന്നത്. സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലാണ് പാര്‍ട്ടി. അതിന് നേതൃത്വം നല്‍കുന്നവരെയാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാര്‍ട്ടിക്കുള്ളില്‍ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.