പി.എസ്.സി കോഴ വിവാദം; സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുണ്ടാകും
|പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്നാണ് പരാതി
കോഴിക്കോട്: പി.എസ്.സി അംഗമാക്കാൻ കോഴവാങ്ങിയെന്ന പരാതിയിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുണ്ടാകും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേർന്ന് നടപടി ചർച്ച ചെയ്യും. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റിയംഗത്തിനെതിരെ ഹോമിയോ ഡോക്ടർ ദമ്പതിമാരാണ് പരാതി നൽകിയത്.
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിൽ 22 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏരിയാ കമ്മിറ്റിയംഗം വാങ്ങിയെന്നുമാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. ജില്ലാ കമ്മിറ്റിയിലാണ് പരാതി നൽകിയത്.
പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാർട്ടിയോട് ആവശ്യപ്പെട്ടു. തന്റെ പേരിൽ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകി. പാർട്ടി പരാതി വിശദമായി പരിശോധിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതായാണ് സൂചന.