പി.എസ്.സി കോഴ വിവാദം: കർശന നടപടിയുമായി സി.പി.എം; പ്രമോദ് കോട്ടൂളിയെ പുറത്താക്കിയേക്കും
|സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്നാണ് നടപടി
തിരുവനന്തപുരം: പി.എസ്.സി കോഴ ആരോപണ വിധേയനായ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയേക്കും. സംഘടനാ നടപടി പൂർത്തിയാക്കി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ധാരണയായതാണ് വിവരം.സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്നാണ് പുറത്താക്കാൻ ഒരുങ്ങുന്നത്. സംഭവത്തില്‍ പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തേടുകയും അടുത്ത ദിവസത്തിനുള്ളില്‍ തന്നെ നടപടിയെടുക്കുകയും ചെയ്യുമെന്നാണ് സൂചന.
പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. പ്രമോദ് കോട്ടൂളി ക്കെതിരെ നടപടി വേണമെന്ന് ടൗൺ ഏരിയ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ജില്ലാ സെക്രട്ടറി മറുപടി നൽകിയത്.
പാർട്ടിക്ക് ഇക്കാര്യത്തിൽ കുറച്ച് കൂടെ വ്യക്തത വരാനുണ്ടന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റ് വിശദീകരണം ചോദിച്ച സാഹചര്യത്തിൽ പ്രമോദ് ഇന്നോ നാളെയോ മറുപടി നൽകിയേക്കും.വിഷയത്തിൽ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ല കമ്മിറ്റിയെ വിമർശിച്ചിരുന്നു . പരാതി ഗൗരവമായി എടുത്തില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.