പി.എസ്.സി നിയമന ഉത്തരവ് എല്ലാ വ്യാജ രേഖകളും മൊബൈൽ ഫോണിൽ നിർമ്മിച്ചത്; കുറ്റം സമ്മതിച്ച് യുവതി
|പിഎസ്സി റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമോ, നിയമനഉത്തരവ് എന്നിവ വ്യാജമായി നിർമ്മിച്ചതാണെന്ന് രാഖി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വ്യാജരേഖ നിർമിച്ച് സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി കുറ്റം സമ്മതിച്ചു. വാളത്തുങ്കൽ സ്വദേശി രാഖിയാണ് കുറ്റം സമ്മതിച്ചത്. പിഎസ്സി റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമോ, നിയമനഉത്തരവ് എന്നിവ വ്യാജമായി നിർമ്മിച്ചതാണെന്ന് രാഖി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് രാഖി വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി എത്തിയത്. റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം ലഭിച്ചെന്നായിരുന്നു രേഖ. ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കലക്ടർ ആണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു. സംശയം തോന്നിയ കരുനാഗപ്പള്ളി തഹസിൽദാർ ജില്ലാ പിഎസ്‌സി ഓഫീസറെ സമീപിക്കാൻ നിർദ്ദേശിച്ചു. പിഎസ്‌സി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്. എൽഡി ക്ലർക്ക് പരീക്ഷയിൽ 22 ആം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ സംശയത്തിലായതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളെയും തടഞ്ഞുവച്ചു.
ആദ്യ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതികാത്തിരുന്ന രാഖിയെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. എല്ലാ വ്യാജ രേഖകളും മൊബൈൽ ഫോണിന്റെ സഹായത്തോടെ വ്യാജമായി നിർമ്മിച്ചതാണ് സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 9 മാസങ്ങൾക്കു മുമ്പ് അഡ്വൈസ് മെമ്മോ സ്വയം നിർമ്മിച്ച് സ്വന്തം വിലാസത്തിലേക്ക് അയക്കുകയായിരുന്നു. ഇന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടിയുള്ള വ്യാജ നിയമന ഉത്തരവും ഇത്തരത്തിൽ സ്വന്തം വിലാസത്തിലേക്ക് അയച്ചു. വ്യാജരേഖ ചമയ്ക്കുന്നതിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.