പി.എസ്.സി കോഴ ആരോപണം: ഏത് അന്വേഷണത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി; ഒത്തുതീർപ്പ് ശ്രമമെന്ന് പ്രതിപക്ഷം
|തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് പിഎസ് സി കോഴ ആരോപണം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്
തിരുവനന്തപുരം: പി.എസ്.സി കോഴയിൽ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വാങ്ങിയ പണം തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പിഎസ്‌സി അംഗത്വം ലേലത്തിന് വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും ശക്തമായ നടപടിയെടുക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് പിഎസ് സി കോഴ ആരോപണം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷനായാണ് ഇന്ന് വിഷയം സഭയിൽ വന്നത്.ആരോപണങ്ങൾ പൂർണമായി നിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പി.എസ്.സി അംഗങ്ങളുടെയും ചെയർമാന്‍റെയും നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയെപ്പറ്റി തനിക്ക് അറിയില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് പരാതി ലഭിച്ചില്ലെങ്കിൽ എന്തിനാണ് ഡോക്ടർ ദമ്പതികളുടെ മൊഴിയെടുത്തത് എന്ന് തിരികെ ചോദിച്ചു. പരാതി ഒത്തുതീർപ്പാക്കാൻ സിപിഎമ്മും സർക്കാരും ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒത്തുതീർപ്പ് ആരോപണവും തള്ളി.മുഖ്യമന്ത്രിയുടെ മറുപടി അംഗീകരിക്കാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.