Kerala
oommen chandy food

ഉമ്മന്‍ചാണ്ടി

Kerala

''ഭക്ഷണത്തിനെത്താന്‍ വീട്ടില്‍ നിന്ന് പല തവണ വിളിവരും, ഒടുക്കം അതു കൊടുത്തുവിടും, മിക്കവാറും അതു കഴിക്കില്ല'';ഉമ്മന്‍ചാണ്ടി സമയം ലാഭിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു

Web Desk
|
18 July 2023 7:32 AM GMT

രണ്ടാമത് വേണ്ടെന്നു വയ്ക്കുന്നത് വിശ്രമമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് കട്ടില്‍ ഉള്‍പ്പെടെയുള്ള വിശ്രമമുറിയുണ്ട്. അത് ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് കട്ടായം.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ കൊടിയേറ്റം സിനിമയില്‍ ഭരത് ഗോപി പറയുന്ന പഞ്ച് ഡയലോഗ് 'ഹോ എന്തൊരു സ്പീഡ്' എന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്രയാണ്. അതോടൊപ്പം ചേര്‍ത്തവയ്ക്കാവുന്നതാണ് ആള്‍ക്കൂട്ടത്തിലെ അധിവാസം. ഇതിന്റെ പ്രതിഫലനം ഓഫീസും വീടും ഉള്‍പ്പെടെ അദ്ദേഹം ആയിരിക്കുന്നിടത്തൊക്കെ പ്രതിഫലിച്ചു.

പാതിരാവരെ ജനനിബിഡമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും പരിസരവും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ ഓഫീസ് നിറഞ്ഞു കവിയുമ്പോള്‍ ആളുകള്‍ കോറിഡോറിലേക്കു മാറി അവിടവും ജനനിബിഡമാകും. ഒരു പൂരപ്പറമ്പില്‍ നില്ക്കുന്ന പ്രതീതി. തെയ്യങ്ങള്‍ പോലെ ആളുകള്‍ വരുന്നു, പോകുന്നു. അവരെല്ലാം മുഖ്യമന്ത്രിയെ കണ്ടാണ് മടങ്ങുന്നത്. ചിലരുടെ കാര്യങ്ങള്‍ അപ്പോള്‍ തന്നെ സാധിക്കും. ബാക്കിയുള്ള അപേക്ഷകള്‍ നോക്കാന്‍ സ്റ്റാഫിനെ നിയോഗിക്കും. ഒരാള്‍ക്കുപോലും മുഖ്യമന്ത്രിയെ കാണാനാവാതെ മടങ്ങേണ്ടി വന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകാന്‍ സമയനിയന്ത്രണമൊക്കെ തത്വത്തിലുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് അതൊന്നും ബാധകമല്ല. എല്ലാ നിയന്ത്രണങ്ങളും കെട്ടുപൊട്ടിച്ചാണ് ആളുകളുടെ പ്രവാഹം. സെക്യൂരിറ്റി സ്റ്റാഫിനും മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും പിടിപ്പതു പണി തന്നെ. ഒരീച്ചയ്ക്കുപോലും ഇപ്പോള്‍ കയറാന്‍ പറ്റാത്ത വിധത്തില്‍ നിയന്ത്രണമുള്ള സെക്രട്ടേറിയറ്റിന് ഇങ്ങനെയും ഒരു പൂര്‍വാശ്രമമുണ്ട്! ഈ ജനപ്രവാഹത്തിനിടയിലാണ് ഒരിക്കല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്നത്. ഓഫീസില്‍ ലൈവ് വെബ് കാസ്റ്റിംഗ് നടക്കുന്നതിനാല്‍ വിദേശത്തുള്ള ആരോ വിളിച്ചുപറഞ്ഞപ്പോഴാണ് 'പുതിയൊരു മുഖ്യമന്ത്രി' ഉണ്ടായ കാര്യം അറിഞ്ഞതു തന്നെ.

അക്ഷോഭ്യന്‍

ഇത്രയും ആളുകളെ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ക്ഷോഭ്യനായി കണ്ടിട്ടില്ല എന്നതാണ് എനിക്ക് ഏറ്റവും വിസ്മയായി തോന്നിയിട്ടുള്ളത്. ചില ആളുകള്‍ മുഖ്യമന്ത്രിയെ 'ക്ഷ', 'ണ്ണ' വരപ്പിക്കുന്നതും അദ്ദേഹം ക്ഷമയുടെ നെല്ലിപ്പലകയിലെത്തുന്നതും കണ്ടിട്ടുണ്ട്. എങ്കിലും സമചിത്തതയോടെ, ശാന്തമായി അവരെ കൈകാര്യം ചെയ്യുകയാണ് പതിവ്. ഒരിക്കല്‍ ഇതുപോലെ ജനക്കൂട്ടം ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ കണ്ടുകൊണ്ടിരുന്നപ്പോള്‍, ഒരാള്‍ ഒരു നിവേദനം കൊടുത്തു. പക്ഷേ, കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. ഇതിലൊന്നുമില്ലല്ലോ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊക്കെ ഞാന്‍ പിന്നെ എഴുതിക്കോളാം, സാറിപ്പോള്‍ ഒപ്പിട്ടോ എന്നായിരുന്നു അപേക്ഷകന്‍റെ മറുപടി. അതുകേട്ട് പൊട്ടിച്ചിരിക്കാന്‍ ഒരു മുഖ്യമന്ത്രിയും!

മുഖ്യമന്ത്രി അധ്യക്ഷത വഹിക്കേണ്ട നിരവധി സുപ്രധാന മീറ്റിംഗുകള്‍ കാണും. അപ്പോള്‍ മാത്രമാണ് ആളുകള്‍ മുറിയില്‍നിന്ന് ഒഴിഞ്ഞുപോകുന്നത്. രണ്ടും മൂന്നും മീറ്റിംഗുകളാണ് ഒരേ സമയം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോണ്‍ഫറന്‍സിന് ഒരു ടേബിളേ ഉള്ളുവെങ്കിലും മറ്റൊരിടത്ത് ചുറ്റും കസേരകളിട്ട് ഉദ്യോഗസ്ഥര്‍ അഡ്ജസ്റ്റ് ചെയ്യും. ഈ സംവിധാനത്തോട് ഉന്നതഉദ്യോഗസ്ഥര്‍ക്കും പൊരുത്തപ്പെടേണ്ടി വന്നു. മീറ്റിംഗുകള്‍ അധികം നീളില്ല. ഉദ്യോഗസ്ഥരെ ശ്രദ്ധിച്ചുകേട്ടശേഷം തീരുമാനം എടുക്കാന്‍ ഒട്ടും വൈകില്ല. സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിച്ചതുകൊണ്ടാണ് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചത്.

ഭക്ഷണം വേണ്ട

സെക്രട്ടേറിയറ്റിനു പുറത്തുള്ള യോഗങ്ങള്‍, രാഷ്ട്രീയ യോഗങ്ങള്‍, വിഐപികളുടെ സന്ദര്‍ശനം തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ സമയം ലാഭിക്കാന്‍ ആദ്യം ചെയ്യുന്നത് ഭക്ഷണം വേണ്ടന്നു വയ്ക്കലാണ്. ഭക്ഷണത്തിനെത്താന്‍ വീട്ടില്‍ നിന്ന് പല തവണ വിളിവരും, ഒടുക്കം അതു കൊടുത്തുവിടും. മിക്കവാറും അതു കഴിക്കില്ലെന്നു മാത്രം. രണ്ടാമത് വേണ്ടെന്നു വയ്ക്കുന്നത് വിശ്രമമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് കട്ടില്‍ ഉള്‍പ്പെടെയുള്ള വിശ്രമമുറിയുണ്ട്. അത് ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് കട്ടായം. കേന്ദ്രമന്ത്രി ജയറാം രമേശിനെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു- കഴിച്ചോ, വിശ്രമിച്ചോ, ഉറങ്ങിയോ? ഉത്തരം അദ്ദേഹത്തിനും അറിയാം.

ബുധനാഴ്ച തോറുമുള്ള മന്ത്രിസഭായോഗത്തിനുശേഷം കാബിനറ്റ് ബ്രീഫിംഗ് ഒരിക്കലും മുടങ്ങിയിട്ടില്ല. അതിലൂടെയാണ് സുപ്രധാന തീരുമാനങ്ങളും വിവാദങ്ങള്‍ക്കുള്ള മറുപടികളും പുറത്തുവരുന്നത്. പത്രക്കാരുടെ വന്‍പട തന്നെ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് പരമ്പരാഗതമായി ബ്രീഫിംഗ് നടത്താറുള്ളത്. ഇതിനിടെ പിആര്‍ഡി സൗത്ത് ബ്ലോക്കില്‍ ആധുനിക സംവിധാനമുള്ള കോണ്‍ഫറന്‍സ് ഹാള്‍ തയാറാക്കിയിരുന്നു. അവിടേക്ക് ബ്രീഫിംഗ് മാറ്റിയപ്പോള്‍ പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രതിഷേധം നോര്‍ത്ത് ബ്ലോക്കില്‍നിന്ന് സൗത്ത് ബ്ലോക്കിലേക്കു പോകാനുള്ള 300 മീറ്റര്‍ ദൂരംമൂലം സമയം നഷ്ടപ്പെടുന്നു എന്നതായിരുന്നു. ചില പത്രക്കാരുടെ പ്രതിഷേധം ലൈവില്‍ തങ്ങളുടെ മുഖം കിട്ടാതെ വരും എന്നതും.

ബ്രീഫിംഗ് എപ്പോഴും സംഭവബഹുലം തന്നെയായിരുന്നു. ഒരേ മീഡിയയില്‍നിന്നു തന്നെ രണ്ടും മൂന്നും പേരുണ്ടാകും. ചിലര്‍ ചോദ്യം ചോദിക്കാനുള്ള സ്‌പെഷലിസ്റ്റുകളാണ്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. അവസാന ചോദ്യത്തിനും ഉത്തരം നല്കിയേ ബ്രീഫിംഗ് അവസാനിപ്പിക്കൂ. ചില കുനിഷ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടനടി കിട്ടിയില്ലെങ്കില്‍ അവരോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടും. അതു വരുമ്പോഴേക്കും ഉത്തരം കണ്ടെത്തും. മീഡിയ പാസുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും പ്രവേശിക്കാമെന്നും അല്ലാത്തവര്‍ക്ക് അറിയിപ്പുള്ളപ്പോള്‍ മാത്രം പ്രവേശനമെന്നും ഒരു നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അറിയിപ്പില്ലാതെ സെക്രട്ടേറിയറ്റിന്റെ നാലയല്‍വക്കത്തുപോലും പത്രക്കാര്‍ക്കോ, പൊതുജനങ്ങള്‍ക്കോ കടക്കാന്‍ പറ്റാത്ത ഇപ്പോഴത്തെ അവസ്ഥയും അന്നത്തെ അവസ്ഥയും ചിന്തോദ്ദീപകം.

ഫയല്‍നോട്ടം

പാതിരായോടടുപ്പിച്ച് ജനം ഒഴിഞ്ഞു കഴിയുമ്പോഴാണ് ഫയല്‍നോട്ടം. ആഭ്യന്തരം ഉള്‍പ്പെടെ രണ്ടു ഡസനോളം വകുപ്പുകള്‍ മുഖ്യമന്ത്രിക്കുണ്ട്. ഫയലുകളുടെ ഒരു കുന്ന് മേശപ്പുറത്തു കാണും. കസേരയില്‍ ഇരുന്ന് ഫയല്‍ നോക്കുമ്പോള്‍ രണ്ട് പ്രൈവറ്റ് സെക്രട്ടറിമാര്‍ ഇരുവശത്തുമായി നില്ക്കും. ഉറക്കം മെല്ലെ മാടിവിളിക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ എഴുന്നേറ്റു നിന്നാണ് ഫയല്‍ നോട്ടം. മേശയില്‍ ഫയലുകള്‍ നിരത്തിവച്ചിട്ട് ഒരറ്റുത്തുനിന്ന് മറ്റേ അറ്റത്തേക്ക് നടന്നുകൊണ്ടുള്ള ഫയല്‍നോട്ടം. പുലര്‍ച്ചെ രണ്ടു മണിയൊക്കെ ആകുമ്പോഴേക്കം ഊര്‍ജത്തിന്റെ അവസാനത്തെ കണികയും വറ്റിയിരിക്കും. ഫയലില്‍ തീയതി എഴുതുമ്പോള്‍ അത് തെറ്റാന്‍ തുടങ്ങും. പിന്നെ പേന വഴുതി ഒപ്പിടുന്നിടത്ത് നില്ക്കില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് കാര്യം മനസിലാകും. അതോടെ അന്നത്തെ ഫയല്‍നോട്ടത്തിന് തിരശീല വീഴും.

സെക്രട്ടേറിയറ്റും നഗരവും ഉറങ്ങുമ്പോള്‍ ഒന്നാം നമ്പര്‍ കാര്‍ ഒരു പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെ ശബ്ദകോലാഹലമില്ലാത്തെ ക്ലിഫ് ഹൗസിലേക്കു നീങ്ങും. പകല്‍ ഒരു എസ്‌കോര്‍ട്ട് കൂടി കാണും. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ നഗരപാതകള്‍ ബ്ലോക്ക് ചെയ്തുള്ള ഒന്നാം നമ്പര്‍ കാറിന്റെ ഇപ്പോഴത്തെ യാത്ര കാണുന്നവരില്‍ ചിലരെങ്കിലും പഴയ ആ യാത്ര അയവിറക്കുന്നുണ്ടാകും. രാത്രിവൈകി വീട്ടിലെത്തുമ്പോള്‍ ആര്‍ക്കും ശല്യമാകരുതെന്നു ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധമുണ്ട്. ഭക്ഷണം സ്വയമെടുത്ത് കഴിക്കും. ലൈറ്റിടാതെ ബെഡ് റൂമില്‍ കയറും. എത്ര വൈകി കിടന്നാലും ആറു മണിക്കു മുമ്പ് ഉണര്‍ന്നിരിക്കും. തുടര്‍ന്ന് പത്രങ്ങള്‍ ഓടിച്ചു നോക്കും. ഇതിനിടെ എത്തുന്ന ഫോണ്‍ കോളുകള്‍ നേരിട്ടെടുക്കും. രാവിലെ വീട്ടിലും ഒരു ആള്‍ക്കൂട്ടം ഉണ്ടാകും. അവരെ കൈകാര്യം ചെയ്തു കഴിഞ്ഞ് സമയമുണ്ടെങ്കില്‍ പ്രഭാത ഭക്ഷണം. എട്ടു മണിയോടെ ഓഫീസിലേക്ക്. വീണ്ടും തിരക്കിലേക്ക്.

നാലു തവണ 14 ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഓരോ ദിവസവും ജനക്കൂട്ടത്തിനു നടുവില്‍ ചെലവഴിച്ചത് 17-18 മണിക്കൂര്‍. സോളാര്‍ കമ്മീഷനു മുന്നില്‍ ഒറ്റ സിറ്റിംഗില്‍ ഇരുന്നത് 14 മണിക്കൂര്‍. പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിവന്നത് ഒരു മണിക്കൂര്‍ പത്തുമിനിറ്റ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ മുഴുനീളം നടക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുമായിരുന്നു. ഒരു പവര്‍ഹൗസാണ് അദ്ദേഹം.

പാമോയില്‍ കേസ്, പാറ്റൂര്‍ കേസ്, ടൈറ്റാനിയം കേസ് തുടങ്ങിയവയ്ക്ക് പുറമെ സോളാര്‍ കേസും കൂടി ഉമ്മന്‍ ചാണ്ടിയെ വരിഞ്ഞുമുറുക്കി. പിതൃതുല്യന്‍ എന്നു വിശേഷിപ്പിച്ച ആള്‍ പിന്നീട് അദ്ദേഹത്തെ പീഡകനുമാക്കി. എന്നിട്ടും അക്ഷോഭ്യനായി അവയെ നേരിട്ട് നീണ്ട നിയമപോരാട്ടത്തിലൂടെ കുറ്റവിമുക്തനായി. സമാനമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കെതിരേ ഒരു പെറ്റിക്കേസു പോലുമില്ല. നിയമസാധ്യതകളെ എത്ര രാഷ്ട്രീയമായാണ് എതിരാളികള്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഉപയോഗിച്ചതെന്നു വ്യക്തം. ഉമ്മന്‍ ചാണ്ടിയെ വീഴ്ത്തിയാല്‍ യുഡിഎഫും കോണ്‍ഗ്രസും വീഴുമെന്ന് എതിരാളികള്‍ക്ക് അറിയാമായിരുന്നു.

ഇങ്ങനെയൊരാള്‍

ഒരു ആള്‍ക്കൂട്ടം എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്, ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേരാനും ആള്‍ക്കൂട്ടത്തെ ചുമലിലേറ്റാനും പറ്റിയ ഏറ്റവും അനുയോജ്യനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. ഒരു പ്രശ്‌നം ഉണ്ടായാല്‍ ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടാല്‍ മതിയെന്ന ഒരു വലിയ ആത്മവിശ്വാസം കേരളത്തിനുണ്ട്. പദവിയില്ലെങ്കിലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ഉള്ളതിനാലാണ് അദ്ദേഹത്തെ തേടി ഇപ്പോഴും ആളുകളെത്തുന്നത്. കോവിഡ് കാലത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ ഒറ്റയാന്‍ രക്ഷാപ്രവര്‍ത്തനം അനേകര്‍ക്ക് ആശ്വാസം പകര്‍ന്നു.

നിവേദനം വായിക്കാതെ ഒരാളുടെ മുഖത്തുനിന്നും ആളെ കാണാതെ ഫോണ്‍ ശബ്ദത്തില്‍നിന്നും പ്രയാസം മനസിലാക്കാനും അതിനു ഹൃദയംകൊണ്ടൊരു പരിഹാരം ഉണ്ടാക്കാനും സാധിക്കുന്ന ഒരാള്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നുവെന്ന് പറയുമ്പോള്‍ വരുംതലമുറക്ക് അത് അവിശ്വസനീയമാകാം. ഐക്യരാഷ്ട്രസംഘടനയുടെ പുരസ്‌കാരം നേടിയ ഏക മുഖ്യമന്ത്രി, 12 തവണ തുടര്‍ച്ചയായി ഒരു മണ്ഡലത്തില്‍നിന്ന് ജയിച്ച എംഎല്‍എ... ഇങ്ങനെയൊരാള്‍ ഇനി പൊതുപ്രവര്‍ത്തന രംഗത്തുനിന്ന് ഉയര്‍ന്നുവരുമോ?

ഉമ്മന്‍ചാണ്ടിയുടെ 79-ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ മുന്‍ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ എഴുതിയ ലേഖനത്തില്‍ നിന്ന്

Similar Posts