കുങ്കിയാനകൾ സഹായിച്ചു; പി.ടി സെവനെ ലോറിയിൽ കയറ്റി
|ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്
പാലക്കാട്: ധോണി മേഖലയിൽ മയക്കുവെടിവെച്ചു വീഴ്ത്തിയ പി.ടി സെവനെ (പാലക്കാട് ടസ്‌കർ ഏഴാമൻ) സുരേന്ദ്രനും ഭദ്രനുമടക്കമുള്ള കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. മയക്കുവെടിയേറ്റ ആന മയക്കത്തിലായതിനാൽ ഏറെ ശ്രമകരമായാണ് ലോറിയിൽ കയറ്റിയത്. പി.ടി 7 ആനയെ കുങ്കിയാനകൾ പിറകിൽ നിന്ന് തള്ളുകയും പാപ്പാന്മാർ തല്ലുകയും ചെയ്താണ് വാഹനത്തിൽ കയറ്റിയത്. പല തവണ വാഹനത്തിന്റെ പകുതി വരെ കയറി തിരിച്ചിറങ്ങി. പിന്നീട് പൂർണമായും കയറുകയായിരുന്നു. ഇടയ്ക്ക് കാലിൽ കെട്ടിയ വടം പൊട്ടുകയും ചെയ്തു. ലോറി ധോണിയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. വലിയ കൂട്ടിലേക്ക് കയറ്റിയ ശേഷം നാലു മാസത്തെ പരിശീലനം നൽകും.
നേരത്തെ ആനയുടെ മുഖത്ത് കറുത്ത തുണി വലിച്ചുകെട്ടിയിരുന്നു. മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാൽ ആനയുടെ ശരീരം ചൂടാകുന്നതിനാൽ വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടിലേക്ക് മാറ്റിയശേഷവും ഇത് തുടരും. അത്ര ശക്തിയേറിയതാണ് വെടിവെച്ചേൽപ്പിച്ച മയക്കുമരുന്ന്.
ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. മൂന്നര വർഷത്തോളമായ പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു.
വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ് ദൗത്യ സംഘത്തിലുള്ളത്. ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. വർഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോൾ മയക്കുവെടി വെച്ചിരിക്കുന്നത്. ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.
മയക്കുവെടിയേറ്റാൽ ആന മയങ്ങി വീഴുമോ? എന്ത് സംഭവിക്കും?
പി.ടി 7 ആനയെ മയക്കുവെടി വെച്ചതോടെ ഇതിന് ശേഷം എന്താണ് സംഭവിക്കുകയെന്നത് നമ്മുടെ മനസ്സിലൊക്കെ തോന്നുന്ന സംശയമായിരിക്കും. മയക്കുവെടിയേറ്റ ആന കിടക്കുമോ അതേ ഇരിക്കുമോയെന്നും ചോദ്യമുണ്ടാകും. എന്നാൽ മയക്കുവെടിയേറ്റ ആന കിടക്കുന്നതും ഇരിക്കുന്നതും അപകടരമാണ്. അവ നിൽക്കുന്നതാണ് പതിവുരീതി.
ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക. അവ അധികമായാൽ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂർ മുതൽ 45 മിനുട്ടിനുള്ളിൽ മയക്കത്തിൽ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും. പാലക്കാട് നിന്ന് വയനാട്ടിലെത്തിക്കാൻ ഇത്മതിയാകുമെന്നാണ് ഡോ. അരുൺ സഖറിയ പറയുന്നത്. ഇനി അഥവാ മയക്കം വിട്ടാൽ ബൂസ്റ്റർ ഡോസ് നൽകും. പിന്നീട് മയക്കം വിടാൻ മറ്റൊരു ഇഞ്ചക്ഷൻ നൽകും.
PT Seven (Palakkad Tusker VII), loaded into lorry