പിടി തോമസിന്റെ മൃതദേഹം ഇന്നെത്തിക്കും; പൊതുദർശനം നാളെ
|നാളെ എട്ടു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് എത്തിക്കും
അന്തരിച്ച എംഎൽഎ പിടി തോമസിന്റെ മൃതദേഹം വെല്ലൂരിൽ നിന്ന് ഇന്ന് രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. വെല്ലൂരിൽ നിന്ന് മൃതദേഹം കൊണ്ടുവരുന്ന വാഹനം പുറപ്പെട്ടിട്ടുണ്ട്. എഐസിസി സെക്രട്ടറി പി. വിശ്വനാഥൻ അനുഗമിക്കുന്നുണ്ട്. കെപിസിസിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് വി പി സജീന്ദ്രനും ഒപ്പമുണ്ട്. നാളെ പുലർച്ചയോടെ കൊച്ചിയിലെത്തിക്കും, രാവിലെ ഏഴുമണിക്ക് എറണാകുളം ഡിസിസി ഓഫീസിലെത്തിക്കും. എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് എത്തിക്കും. ഒന്നരവരെ ടൗൺഹാളിൽ പൊതു ദർശനം നടക്കും. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുടർന്ന് വൈകിട്ട് അഞ്ചു മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം എന്നാണ് നിലവിൽ ഡിസിസി തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിക്കും.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിനോടുള്ള ബഹുമാനാർഥവും അദ്ദേഹത്തിന്റെ ഭൗതികദേഹം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമ്പോൾ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമാണ് അവധിയെന്നും കലക്ടർ അറിയിച്ചു.
അന്ത്യോപചാര സമയത്ത് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും' പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങൾ നവംബർ 22ന് തന്നെ അന്തരിച്ച എംഎൽഎ പിടി തോമസ് എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കൾക്കാണ് പിടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകൾ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.
മൃതദേഹം പള്ളിപ്പറമ്പിൽ അടക്കരുതെന്നും എറണാകുളം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും കുറിപ്പിൽ പറഞ്ഞു. ചിതാഭസ്മത്തിന്റെ ഒരംശം അമ്മയുടെ ഉപ്പുതോട് കല്ലറയിൽ നിക്ഷേപിക്കണമെന്നും പറഞ്ഞു. അന്ത്യോപചാര സമയത്ത് വയലാർ രാമവർമയുടെ ചന്ദ്രകളഭം ചാർത്തിയുറങ്ങുമെന്ന പാട്ട് കേൾപ്പിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കി.
അർബുദ ബാധിതനായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചത്. 71 വയസ്സായിരുന്നു. 2009-14 ലോക്സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. തൊടുപുഴയിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംഘടനയുടെ കോളജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 80 മുതൽ കെപിസിസി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്. എഡിബിയും പ്രത്യയശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കോൺഗ്രസിൽ മുഖം നോക്കാതെയുള്ള വിമർശനം നടത്തിയ നേതാവായിരുന്നു തോമസ്. കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം, നേതൃത്വത്തെ അംഗീകരിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിശാല മനസ്കത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ വിമർശനം ഉന്നയിച്ചതിനേക്കാളേറെ ഗൗരവത്തോടെ സഭയിൽ സർക്കാറിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുനയുമായി. സർക്കാറിന്റെ കോവിഡ് കാല കിറ്റ്, അഴിമതി, സ്വര്ണക്കടത്തു കേസ് എന്നിവയിൽ തോമസ് നിരന്തരം ശബ്ദമുയർത്തി.
PT Thomas' body to be brought today; Public viewing tomorrow