Kerala
പി.ടി തോമസ് എംഎൽഎ അന്തരിച്ചു
Kerala

പി.ടി തോമസ് എംഎൽഎ അന്തരിച്ചു

abs
|
22 Dec 2021 5:21 AM GMT

അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. 71 വയസ്സായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. തൊടുപുഴയിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംഘടനയുടെ കോളജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 80 മുതൽ കെപിസിസി, എ.ഐ.സി.സി അംഗമാണ്.

1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്. എഡിബിയും പ്രത്യയശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

കോൺഗ്രസിൽ മുഖം നോക്കാതെയുള്ള വിമർശനം നടത്തിയ നേതാവായിരുന്നു തോമസ്. കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം, നേതൃത്വത്തെ അംഗീകരിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിശാല മനസ്‌കത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിക്കുള്ളിൽ വിമർശനം ഉന്നയിച്ചതിനേക്കാളേറെ ഗൗരവത്തോടെ സഭയിൽ സർക്കാറിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുനയുമായി. സർക്കാറിന്റെ കോവിഡ് കാല കിറ്റ്, അഴിമതി, സ്വര്‍ണക്കടത്തു കേസ് എന്നിവയിൽ തോമസ് നിരന്തരം ശബ്ദമുയർത്തി.

Related Tags :
Similar Posts