Kerala
ഉഷയ്ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ നമ്പ്യാര്‍; ഇന്ത്യന്‍ അത്‌ലറ്റിക്സിന്‍റെ  ദ്രോണാചാര്യന്‍
Kerala

ഉഷയ്ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ നമ്പ്യാര്‍; ഇന്ത്യന്‍ അത്‌ലറ്റിക്സിന്‍റെ 'ദ്രോണാചാര്യന്‍'

Web Desk
|
19 Aug 2021 2:33 PM GMT

ഇന്ത്യ കണ്ട മികച്ച ഗുരു- ശിഷ്യ ബന്ധങ്ങള‍ിലൊന്നായാണ് പി.ടി ഉഷയും പരീശീലകന്‍ ഒ.എം.നമ്പ്യാരും കായിക ചരിത്രത്തില്‍ ശ്രദ്ധ നേടിയത്.

പി.ടി ഉ​ഷ, കെ.സ്വ​ര്‍ണ​ല​ത, സി.ടി ബി​ല്‍ക്ക​മ്മ, പി.ജി ത്രേ​സ്യാ​മ്മ, വി.​വി മേ​രി, എ. ​ല​താ​ങ്കി, ത്രേ​സ്യാ​മ്മ ജോ​സ​ഫ്...അങ്ങനെ നീളുന്നു ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം നമ്പ്യാരുടെ ശിഷ്യ നിര. 1984ലെ ​ലോ​സ് ആ​ഞ്ച​ല​സ് ഒ​ളിമ്പിക്സില്‍ സെ​ക്ക​ന്‍ഡി​ല്‍ നൂ​റി​ലൊ​രം​ശ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ മെ​ഡ​ല്‍ ന​ഷ്ട​മാ​യെങ്കിലും ആ നേട്ടത്തിലേക്ക് പി.ടി ഉഷയെ നയിച്ച ആ ഇതിഹാസ പരിശീലകന്‍, മണ്‍മറയുമ്പോള്‍ സമാനതകളില്ലാത്ത നന്മയും സമര്‍പ്പണവുമാണ് ഓര്‍മയാകുന്നത്.


എയര്‍ ഫോഴ്‌സില്‍ നിന്ന് പട്യാലയിലെത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. പിന്നീട് 1976 ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ചുമതലയേറ്റു. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. ഇന്ത്യ കണ്ട മികച്ച ഗുരു- ശിഷ്യ ബന്ധങ്ങള‍ിലൊന്നായാണ് പി ടി ഉഷയും പരീശീലകന്‍ ഒ.എം.നമ്പ്യാരും കായിക ചരിത്രത്തില്‍ ശ്രദ്ധ നേടിയത്.

ഉഷ അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടിയത് നൂറിലധികം മെഡലുകളായിരുന്നു.1986ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ ഉഷ ചരിത്രമെഴുതി. ജക്കാര്‍ത്തയില്‍ ഉഷ നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകള്‍. ഇന്ത്യ അന്ന് മൊത്തം നേടിയത്‌ ഏഴ് മെഡലുകള്‍. 'ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ?' എന്നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പോലും ചോദിച്ചത്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ഈ ഗുരു- ശിഷ്യ ബന്ധം നീണ്ടു.


ഉഷയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ വിയര്‍പ്പൊഴുക്കിയ നമ്പ്യാര്‍ക്ക് പ്രതിഫലമായി എന്തു നല്‍കുമെന്ന ആലോചനയില്‍ നിന്നാണ് പരിശീലകര്‍ക്കായി ദ്രോണാചാര്യ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിക്കുന്നത്. അങ്ങനെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ജേതാവെന്ന നിലയില്‍ നമ്പ്യാരുടെ പേര് എഴുതിച്ചേര്‍ത്തു.

പി.ടി ഉഷയുടെ വിവാഹാനന്തരമാണ് പരിശീലക സ്ഥാനത്തു നിന്ന് നമ്പ്യാര്‍ പിന്‍മാറിയത്. പിന്നീടൊരു ഉഷയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നമ്പ്യാര്‍ നടത്തിയെങ്കിലും ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലാണ് പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. 2016 മുതല്‍ പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോഗത്തിന്‍റെ പിടിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി രോഗശയ്യയിലായിരുന്നു.

Similar Posts